IndiaNEWS

ക്യാപ്റ്റൻ രാജു അവാർഡ് നടൻ ജയറാമിന്, നിർമ്മാതാവ് കെ.ടി കുഞ്ഞുമോൻ സമ്മാനിച്ചു

മലയാള സിനിമയിൽ ക്യാപ്റ്റൻ എന്ന വിശേഷണത്തോടെ അറിയപ്പെട്ടിരുന്ന ഒരേ ഒരു നടനെ ഉള്ളൂ. സ്വഭാവ നടനായും വില്ലനായും ഹാസ്യ താരമായും മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ രാജു ഡാനിയൽ എന്ന ക്യാപ്റ്റൻ രാജു.

‘നാടോടിക്കാറ്റി’ലെ പവനായി ആയിരിക്കും ഈ നടനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസിലെത്തുന്ന കഥാപാത്രം. വേറിട്ട ഹാസ്യംകൊണ്ട് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച കഥാപാത്രമാണത്. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ സ്വദേശിയായ രാജു പട്ടാളസേവനത്തിനു ശേഷമാണു ചലച്ചിത്ര രംഗത്തെത്തിയത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇം‌ഗ്ലീഷ് എന്നീ ഭാഷകളിലായി 600 ലധികം സിനിമകളിൽ അഭിനയിച്ച രാജു 1981ൽ രക്തം എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

Signature-ad

ജോൺ ജാഫർ ജനാർദ്ദനൻ, മോർച്ചറി, അസുരൻ, ചങ്ങാത്തം, പാസ്പോർട്ട്, കൂലി, തിരകൾ, ഉണ്ണിവന്ന ദിവസം, അതിരാത്രം, പാവം ക്രൂരൻ,ആഴി, ഭഗവാൻ, ആവനാഴി, കരിമ്പിൻ പൂവിനക്കരെ, നിമിഷങ്ങൾ, ഒരു വടക്കൻ വീരഗാഥ, നാടോടിക്കാറ്റ്, മഹാൻ, ഉപ്പുകണ്ടം ബ്രദേഴ്സ്, കാബൂളിവാല, തക്ഷശില, പുതുക്കോട്ടയിലെ പുതുമണവാളൻ, അഗ്നിദേവന്‍, ഉദയപുരം സുല്‍ത്താൻ, കേരളവർമ പഴശ്ശിരാജ, താന്തോന്നി എന്നിവ പ്രധാനചിത്രങ്ങൾ. 2018 സെപ്റ്റംബർ 17ന് അന്തരിച്ച ക്യാപ്റ്റൻ രാജു മമ്മൂട്ടി ചിത്രം മാസ്റ്റർപീസിലാണ് അവസാനമായി അഭിനയിച്ചത്. ക്യാപ്റ്റൻ രാജുവായി തന്നെയാണ് ചിത്രത്തിൽ അദ്ദേഹം എത്തിയതും.

ക്യാപ്റ്റൻ രാജുവിന്റെ ഓർമ്മ ദിവസമായ ഇന്ന് ചെന്നൈയിലെ സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്കാരം നടൻ ജയറാമിന് സമ്മാനിച്ചു.

പ്രേക്ഷക മനസിൽ എന്നും ജീവിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ക്യാപ്റ്റൻ രാജുവിന് കഴിഞ്ഞതായി പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് കെ.ടി കുഞ്ഞുമോൻ പറഞ്ഞു.
ചെന്നൈ- വടപളനി ഹോട്ടൽ ആദിത്യ ഇൻ്റർനാഷണലിൽ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 5-ാമത് ക്യാപ്റ്റൻ രാജു പുരസ്കാരം നടൻ ജയറാമിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. നടൻ ജയറാം മറുപടി പ്രസംഗം നടത്തി.

സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആദിത്യ ഹോട്ടൽ സി.ഇ.ഒ കൃഷ്ണകുമാർ മേനോനും സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവീനർ പി. സക്കീർ ശാന്തിയും ചേർന്ന് നടൻ ജയറാമിന് പ്രശസ്തി പത്രം നൽകി .
തമിഴ്- മലയാളം സിനിമകളുടെ പി.ആർ.ഒ സി.കെ അജയ്കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ആദിത്യ ഹോട്ടൽ സി.ഇ.ഒ കൃഷ്ണകുമാർ മേനോൻ , ആദിത്യ ഹോട്ടൽ ജനറൽ മാനേജർ ജോഷ്വാ ക്രിസ്റ്റഫർ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: