യുട്യൂബും ഇൻസ്റ്റഗ്രാമും പോലുള്ള നവ മാധ്യമങ്ങൾ ലോകമെമ്പാടും തരംഗമായി മാറി. ഇൻസ്റ്റഗ്രാം വീഡിയോകൾ മലയാളികൾക്ക് ഹരമായി തീർന്നിരിക്കുന്നു ഇന്ന്. സിനിമ, പാചകം, യാത്രകൾ, ലൈഫ് സ്റ്റൈൽ, കുടുംബ പ്രശ്നങ്ങൾ എന്നു വേണ്ട ജീവിതത്തിൻ്റെ സമസ്ത മേഖലകളിലേയ്ക്കും അതിക്രമിച്ചു കടക്കുന്നു യുട്യൂബ് ചാനലുകൾ. എന്റർടെയ്ൻമെന്റ് എന്നതിന് പുറമെ വൻ വരുമാന മാർഗം കൂടിയായതിനാലാണ് ഭൂരിഭാഗം പേരും യുട്യൂബിലേക്കും വ്ലോഗിങ്ങിലേക്കും പ്രവേശിക്കുന്നത്.
സബ്സ്ക്രൈബേഴ്സിന്റെ കാര്യത്തിൽ മാത്രമല്ല വരുമാനത്തിലും കേരളത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു ‘കെ എല്‍ ബ്രോ ബിജു ഋത്വിക്’ എന്ന യുട്യൂബ് ചാനൽ. ഇവരുടെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഏതൊരു മലയാളിയേയും ഞെട്ടിക്കും. 55.3 മില്യൺ…! അതായത് 5.35 കോടി സബ്സ്ക്രൈബേഴ്സ്. അടുത്തിടെ റൂബി ക്രിയേറ്റർ അവാർഡും ഇവർക്ക് ലഭിച്ചു.
കണ്ണൂർ ജില്ലയിലെ പാവന്നൂർ സ്വദേശികളാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരായ ഈ യുട്യൂബേഴ്സ്. ബിജുവും അമ്മയും മകൻ ഋത്വിക്കും ഭാര്യ കവിയും മരുമകളുമാണ് ‘കെ എല്‍ ബ്രോ ബിജു ഋത്വിക്’ ചാനലിലെ പ്രധാന താരങ്ങൾ. അമ്പരപ്പിക്കുന്ന ഉള്ളടക്കമൊന്നുമല്ല ഈ ചാനലിൻ്റേത്. സാധാരണ ജീവിതങ്ങളുടെ സത്യസന്ധമായ ഈ ആവിഷ്ക്കാരം ജനഹൃദയങ്ങളിൽ ഇടം നേടി.
“ഞാൻ എല്ലാ തരം പണികളും ചെയ്തിട്ടുള്ള ആളാണ്. ക്വാറികളിൽ കല്ല് പൊട്ടിക്കുന്നത് അടക്കമുള്ള കൂലിപ്പണികൾ ചെയ്തിട്ടുണ്ട്. അങ്ങനെ അവസാനം ബസിൽ ഡ്രൈവറായി കയറി. അപ്പോഴാണ് കൊറോണ വരുന്നത്. പണിക്ക് പോകാൻ പറ്റാതായി. അങ്ങനെയാണ് ടിക് ടോക്കിൽ ഞാൻ വീഡിയോ ചെയ്യാൻ തുടങ്ങിയത്. റഷീദ് എന്ന വ്യക്തിയാണ് ഒരു ഫോൺ വാങ്ങിത്തന്നത്. ‘കണ്ണൂർകാരനും കന്നടക്കാരിയും’ എന്നതായിരുന്നു ആദ്യവീഡിയോ. ഒരു വർഷം വരെ അത്ര കാര്യമായ മാറ്റം ഞങ്ങൾക്ക് ഉണ്ടായില്ല. ഒന്നരവർഷം എടുത്തു ഒരു മില്യൺ ആകാൻ. മൊത്തം മൂന്ന് വർഷം കൊണ്ടാണ് 55 മില്യൺ ആയത്…” പിന്നിട്ട വഴികളെക്കുറിച്ച് ബിജു മനസ്സു തുറന്നു.
ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹവും ഇദ്ദേഹം വെളിപ്പെടുത്തി:
“ഞാൻ കഥ എഴുതിയിട്ടുണ്ട്. അത് വിഷ്വലായി കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അത് സംഭവിക്കുമെന്നാണ് പ്രതീക്ഷ…” തന്റെ ഏറ്റവും വലിയ സ്വപ്നമാണതെന്നും ബിജു പറയുന്നു.
സിൽവർ ബട്ടൺ(ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ്), ഗോൾഡൻ ബട്ടൺ (ഒരു മില്യണ്‍ സബ്സ്ക്രൈബേഴ്സ്), ഡയമണ്ട് പ്ലേ ബട്ടൺ (പത്ത് മില്യൺ), കസ്റ്റം ക്രിയേറ്റർ അവാർഡ് അഥവ റൂബി ക്രിയേറ്റർ(അൻപത് മില്യൺ) എന്നിവയാണ് ഇവർക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്.
ഇനിയുള്ളത് പത്ത് മില്യണ്‍ സബ്സ്ക്രൈബേഴ്സ് ആവുമ്പോഴുള്ള റെഡ് ഡയമണ്ട് ക്രിയേറ്റർ അവാർഡ് ആണ്. ബിജുവിനും കുടുംബത്തിനും അതും വിദൂരമല്ല.