CrimeNEWS

അജ്മലും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നു, മനഃപൂര്‍വമായ നരഹത്യാക്കുറ്റം; അപകടം പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍

കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കിയ സംഭവത്തില്‍ അറസ്റ്റിലായ അജ്മലിനെതിരെ മനഃപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തി. കാറില്‍ അജ്മലിനൊപ്പം യാത്ര ചെയ്ത വനിത ഡോക്ടറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. അജ്മലും ഡോക്ടറായ യുവതിയും മദ്യപിച്ചിരുന്നതായി തെളിഞ്ഞതായി പൊലീസ് അറിയിച്ചു.

സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് ഇരുവരും മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്ന് പ്രതി പറഞ്ഞു. കസ്റ്റഡിയിലെടുത്ത രണ്ടു പേരുടെയും രക്ത സാമ്പിള്‍ പൊലീസ് ശേഖരിച്ചു. അജ്മലിന് ലഹരി വസ്തു വിറ്റതിന് നേരെത്തെയും കേസുണ്ട്.

Signature-ad

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ക്യാഷ്യലിറ്റിയില്‍ വച്ചാണ് യുവ ഡോക്ടറെ അജ്മല്‍ പരിചയപ്പെടുന്നത്. തന്റെ സ്വര്‍ണാഭരങ്ങള്‍ ഉള്‍പ്പെടെ അജ്മല്‍ കൈവശപ്പെടുത്തിയെന്ന് ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം. കാറോടിച്ച കരുനാഗപ്പള്ളി സ്വദേശിയായ അജ്മലിനെ ഇന്ന് പുലര്‍ച്ചെയാണ് പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്.

ഇന്നലെ വൈകീട്ട് 5.45നായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. അജ്മല്‍ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ ആണ് മരിച്ചത്. റോഡില്‍ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയ ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. കുഞ്ഞുമോള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഓടിച്ച ബന്ധു ഫൗസിയയും പരിക്കുകളോടെ ചികിത്സയിലാണ്.

കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം സ്‌കൂട്ടറില്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ തെറ്റായ ദിശയിലൂടെ വന്ന അജ്മലിന്റെ കാര്‍ കുഞ്ഞുമോളെയും ഫൗസിയയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി സഞ്ജയ് പറഞ്ഞു. ഇടിച്ചയുടന്‍ സ്‌കൂട്ടറില്‍ ഉണ്ടായിരുന്നവര്‍ റോഡില്‍ തെറിച്ചുവീണു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ രക്ഷപ്പെടാന്‍ കാര്‍ പിന്നോട്ടെടുത്ത ശേഷം കാര്‍ അതിവേഗം മുന്നോട്ടെടുക്കുകയായിരുന്നു. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അജ്മല്‍ അനുസരിച്ചില്ലെന്ന് നാട്ടുകാരി വിദ്യ പറയുന്നു.

കാര്‍ നിര്‍ത്തിയിരുന്നുവെങ്കില്‍ ഒരുപക്ഷേ കുഞ്ഞുമോളെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു. കാറിന്റെ മുന്നില്‍ അകപ്പെട്ട കുഞ്ഞുമോളെ രക്ഷിക്കാന്‍ വാഹനം നിര്‍ത്താന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും നാട്ടുകാര്‍ പറയുന്നു. പ്രതി മദ്യലഹരിയില്ലായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: