തിരുവനന്തപുരം: പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിച്ച് എഡിജിപി എം.ആര്‍ അജിത് കുമാര്‍. തീവ്രവാദബന്ധമുള്ള സ്വര്‍ണക്കടത്ത് മാഫിയകള്‍ക്കെതിരെ നടപടിയെടുത്തതിന്റെ പകയാണ് അന്‍വറിന്റെ ആരോപണങ്ങള്‍ക്കു പിന്നിലെന്ന് അജിത് കുമാര്‍ ആരോപിച്ചു. എംഎല്‍എയ്ക്കു പിന്നില്‍ മാഫിയ സംഘങ്ങളുണ്ടെന്നും ഡിജിപിക്ക് നല്‍കിയ മൊഴിയില്‍ എഡിജിപി ആരോപിച്ചിട്ടുണ്ട്.
തനിക്കെതിരായ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമെന്നാണ് അജിത് കുമാര്‍ വാദിച്ചത്. സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് മാഫിയകള്‍, നിരോധിത സംഘടനകള്‍ എന്നിവര്‍ പി.വി അന്‍വറിന് പിന്നിലുണ്ടെന്ന് എഡിജിപി ആരോപിച്ചു. ഇവര്‍ക്കെതിരെ താന്‍ നടപടിയെടുത്തതിന്റെ പക തീര്‍ക്കുകയാണിപ്പോള്‍. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചാല്‍ ഉന്നയിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും താന്‍ നല്‍കിയ കത്തിലെ വിവരങ്ങള്‍ അന്വേഷിക്കണമെന്നും അജിത് കുമാര്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഡിജിപി ചോദിച്ചില്ലെന്നാണു വിവരം. പി.വി അന്‍വര്‍ നല്‍കിയ പരാതികള്‍ മാത്രമാണു ചോദ്യംചെയ്യലില്‍ വിഷയമായത്. ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ പ്രത്യേകം മൊഴിയെടുക്കും. ചോദ്യാവലി നല്‍കി മൊഴി എഴുതിവാങ്ങാനും നീക്കമുണ്ട്. എന്നാല്‍, വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുക്കാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളുന്നില്ല.
അതിനിടെ, എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ മൊഴിയും പി.വി അന്‍വര്‍ നേരിട്ട് നല്‍കിയ പരാതിയുടെ വിശദാംശങ്ങളും സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിക്കും. മുഖ്യമന്ത്രി ഡല്‍ഹിയിലേക്കു പോയതിനാല്‍ കൂടിക്കാഴ്ച അടുത്ത ദിവസം നടക്കാനാണ് സാധ്യത. ഡിജിപിയുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് വരുംദിവസങ്ങളില്‍ ഉണ്ടാകാനേ സാധ്യതയുള്ളൂ.
എഡിജിപിക്കെതിരെ തെളിവുകളില്ലാതെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നിയമപരമായി ചോദ്യംചെയ്യപ്പെടുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. ഭരണതലത്തിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വേണമെങ്കില്‍ ക്രമസമാധാന ചുമതലയില്‍നിന്ന് അജിത് കുമാറിനെ നീക്കാം. അതിലേക്ക് എത്തിച്ചേരേണ്ട അവസ്ഥയിലേക്ക് മുന്നണിയിലെ സമ്മര്‍ദം വര്‍ധിക്കുന്നുണ്ട്.
പി.വി അന്‍വര്‍ ഡിജിപിക്കു നല്‍കിയ പരാതിയും പൊലീസ് പരിശോധിച്ചുവരികയാണ്. തനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നായിരുന്നു അന്‍വറിന്റെ ഒരു ആവശ്യം. ഫോണ്‍ ചോര്‍ത്തല്‍, പൊതുജനങ്ങള്‍ നല്‍കുന്ന പരാതി അട്ടിമറിക്കല്‍, സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസടക്കം അജിത് കുമാറിന്റെ കാലത്ത് നടന്ന പൊലീസിലെ പല വിഷയങ്ങളും രേഖാമൂലം തന്നെ അന്‍വര്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നല്‍കിയിട്ടുണ്ട്. ഇതെല്ലാം പ്രത്യേക അന്വേഷണസംഘം പരിശോധിക്കും.