CrimeNEWS

യുവസൈനികരെ ആക്രമിച്ച് കൊള്ളയടിച്ചു; വനിതാ സുഹൃത്തിനെ കൂട്ടബലാത്സംഗം ചെയ്തു

ഭോപ്പാല്‍: മധ്യപ്രദേശില്‍ യുവസൈനിക ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. ഇന്‍ഡോര്‍ ജില്ലയിലെ ജാം ഗേറ്റിന് സമീപം ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. എട്ടുപേരുള്ള സായുധസംഘമാണ് ട്രെയിനി സൈനിക ഓഫീസര്‍മാരെ ആക്രമിച്ച് കൊള്ളയടിച്ചത്. ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്തുക്കളില്‍ ഒരാളെ സംഘം കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

മോവ് ആര്‍മി കോളേജിലെ ട്രെയിനി സൈനികരാണ് ആക്രമിക്കപ്പെട്ടത്. വനിതാ സുഹൃത്തുക്കള്‍ക്കൊപ്പം ഛോട്ടി ജാമിന് സമീപമുള്ള ഫയറിങ് റെയ്ഞ്ചില്‍ കറങ്ങാന്‍ പോയതായിരുന്നു ഇവര്‍. ഈ സമയമാണ് തോക്കും കത്തിയും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി എട്ടംഗ സംഘം ഇവരെ വളഞ്ഞത്.

Signature-ad

തുടര്‍ന്ന് സംഘം സൈനികരേയും വനിതകളേയും ക്രൂരമായി മര്‍ദിച്ചു. ഇവരുടെ പക്കലുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്ത ശേഷം വനിതാ സുഹൃത്തുക്കളില്‍ ഒരാളെ അക്രമികള്‍ ബന്ദിയാക്കി. പെണ്‍കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ 10 ലക്ഷം രൂപയുമായി വരണമെന്ന് ആവശ്യപ്പെട്ടു.

പരിഭ്രാന്തിയിലായ സൈനികര്‍ ഉടന്‍ തങ്ങളുടെ സൈനിക യൂണിറ്റിലേക്ക് പോയി കമാന്‍ഡിങ് ഓഫീസറെ വിവരമറിയിച്ചു. കമാന്‍ഡിങ് ഓഫീസര്‍ ഉടന്‍ വിവരം പോലീസിനെ അറിയിച്ചു. സൈനികരും പോലീസ് സംഘവും സംയുക്തമായാണ് സംഭവസ്ഥലത്തേക്ക് പോയത്. ഇവരെ കണ്ടതും അക്രമികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെട്ട നാല് പേരേയും മോവ് സിവില്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി. വൈദ്യപരിശോധനയിലാണ് ഒരു പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായി തെളിഞ്ഞത്. ബാക്കിയുള്ളവര്‍ക്കും സാരമായ പരിക്കുണ്ട്.

സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പോലീസ് പറഞ്ഞു. ബി.എന്‍.എസ്സിലെ വിവിധ വകുപ്പുകള്‍ പോലീസ് പ്രകാരം കേസെടുത്ത് അന്വേണം ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി വ്യാപകമായ തിരച്ചില്‍ നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: