KeralaNEWS

അന്‍വറിന്റെ വെളിപ്പെടുത്തലുകളില്‍ ഇടപെട്ട് ഗവര്‍ണര്‍; ഫോണ്‍ചോര്‍ത്തല്‍ ആരോപണത്തില്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടി

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെ പ്രതിസന്ധിയിലാക്കി ഇടത് എംഎല്‍എ പി.വി. അന്‍വര്‍ ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങളില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി.

അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഫോണ്‍ ചോര്‍ത്തല്‍ അതീവ ഗൗരവമേറിയതാണെന്നാണ് രാജ്ഭവന്‍ വിലയിരുത്തുന്നത്. എഡിജിപിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ അടക്കം ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു. താനും ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ തുറന്നുപറയുകയും ചെയ്തിരുന്നു. മലപ്പുറം പോലീസിലെ മോഹന്‍ദാസ് എന്ന ഉദ്യോഗസ്ഥനെ എസ്.പി. സുജിത്ദാസ് ഫോണ്‍ ചോര്‍ത്തലിന് ഉപയോഗിച്ചതായും അന്‍വര്‍ ആരോപിച്ചിരുന്നു.

Signature-ad

വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശദീകരിക്കാന്‍ ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. പുറത്തുവന്ന സംഭാഷണങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ്. സ്വന്തം നിലയ്ക്ക് ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ കുറ്റസമ്മതം ഗൗരവത്തോടെ കാണണമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു.

”പി.വി. അന്‍വര്‍ എംഎല്‍എയും ഒരു ഐപിഎസ് ഓഫീസറുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ എംഎല്‍എ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് വളരെ ഗുരുതരമാണ്. സര്‍ക്കാരിന് പുറത്തുള്ളവര്‍ക്ക് സ്വാധീനമുള്ള ചിലര്‍ സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നും കത്തില്‍ ഗവര്‍ണര്‍ സൂചിപ്പിച്ചു. ഇവരുടെ സംഭാഷണംതന്നെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുമായുള്ള ബാന്ധവം ഉറപ്പാക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള അധികൃതരുടെ ടെലഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചോര്‍ത്തുന്നത് സുപ്രീം കോടതിയുടെ ഉത്തരവുകളുടെയും മാര്‍ഗ നിര്‍ദേശങ്ങളുടെയും നഗ്നമായ ലംഘനമാണ്.

സംസ്ഥാനത്ത് ഒരു എംഎല്‍എ ഒരു പ്രത്യേക സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് ടെലഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതായ പത്രസമ്മേളനത്തിലെ വെളിപ്പെടുത്തല്‍ വളരെ ഗുരുതരമായ കുറ്റമാണെന്നും നിയമപ്രകാരമുള്ള നടപടികള്‍ അത്യാവശ്യമാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു. ചില വ്യക്തികള്‍ അനധികൃതമായും നിയമവിരുദ്ധമായും സര്‍ക്കാറിന്റെ സോഫ്‌റ്റ്വെയര്‍ ഉപയോഗിക്കുന്നത് ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കലാണെന്നും അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ ഇടപെടല്‍ അടിയന്തരമായി ഉണ്ടാകണമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്” -രാജ്ഭവന്‍ അറിയിച്ചു.

Back to top button
error: