തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറിന്റെ ആരോപണങ്ങളുണ്ടാക്കിയ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ സമവായ ഫോര്‍മുലയുമായി സി.പി.എമ്മും സര്‍ക്കാരും. എ.ഡി.ജി.പി. അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ കാര്യമായ അന്വേഷണം ഉണ്ടാകും. എന്നാല്‍ അന്‍വര്‍ ഇനി അധികം മിണ്ടരുതെന്നാണ് സിപിഎം മുന്നോട്ടുവെക്കുന്ന നിര്‍ദേശം. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ മാറ്റുമെന്നും അന്‍വറിനെ അറിയിച്ചതായാണ് വിവരം.
അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രത്യേകാന്വേഷണ സംഘം പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് ഫോര്‍മുലയിലൂടെ പ്രശ്‌നം പരിഹരിക്കാനൊരുങ്ങുന്നത്. അന്‍വര്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കൂടി മങ്ങലേല്‍ക്കുന്ന തരത്തിലേക്ക് മാറുന്നത് സി.പി.എം. കരുതലോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ അന്‍വര്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ കൃത്യമായ ഇടപെടല്‍ ആവശ്യമെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേ നിരന്തരം അന്‍വര്‍ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും പരാതി രേഖാമൂലം നല്‍കുമ്പോള്‍ അദ്ദേഹത്തിന്റെ പേര് ഒഴിവാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതേസമയം എം.ആര്‍. അജിത് കുമാര്‍ ഉള്‍പ്പെടെയുള്ള ചില പോലീസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന തെറ്റായ നീക്കങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്ന അന്‍വറിന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടെ മാമിയുടെ തിരോധാനത്തില്‍ സമഗ്രാന്വേഷണം ഉണ്ടാകുമെന്ന ഉറപ്പ് അന്‍വറിന് ലഭിച്ചതായാണ് വിവരം. സ്വര്‍ണ്ണം പൊട്ടിക്കല്‍, ക്വട്ടേഷന്‍ അടക്കമുള്ള ആരോപണങ്ങളില്‍ തെളിവുണ്ടെങ്കില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് അന്‍വറിനോട് സി.പി.എമ്മും സര്‍ക്കാരും അറിയിച്ചിട്ടുള്ളതെന്നാണ് വിവരം.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ കൃത്യമായ തെളിവുകളില്ലാത്തതിനാലും ആരോപണമായി മാത്രം നിലനില്ക്കുന്ന സാഹചര്യത്തിനാലും വിഷയത്തില്‍ മുഖ്യമന്ത്രി സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിസന്ധിയായി വരും എന്നതിനാലും ഇത് ഒഴിവാക്കിക്കൊണ്ടുള്ള നീക്കങ്ങളായിരിക്കും അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുക. പിവി അന്‍വര്‍ പരസ്യമായി ഇത്തരം ആരോപണം ഉന്നയിക്കുന്നതില്‍ നിന്ന് മിതത്വം പാലിക്കണമെന്ന നിര്‍ദേശമാണ് സി.പി.എമ്മും സര്‍ക്കാരും മുമ്പോട്ടു വെച്ചിരിക്കുന്നത്.
വ്യാഴാഴ്ച മന്ത്രിസഭാ യോഗവും ഇടതുമുന്നണിയോഗവും ഉണ്ട്. ഇതില്‍ കൂടുതല്‍ വ്യക്തത ഉണ്ടായേക്കും.