NEWSSocial Media

ആര്‍ക്കെങ്കിലും വാതില്‍ തുറന്നു കൊടുത്തിട്ടുണ്ടോ എന്ന് അവതാരകന്‍; മുഖമടച്ച മറുപടിയുമായി നടി മനീഷ

നാവശ്യ ചോദ്യം ചോദിച്ച യൂട്യൂബ് ചാനല്‍ അവതാരകന് മുഖത്തടിക്കുന്ന മറുപടിയുമായി നടി മനീഷ കെ.എസ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ‘ചില നടിമാരുടെ വാതിലില്‍ ചിലര്‍ മുട്ടാറുണ്ട്’ എന്ന പരാമര്‍ശത്തെ അധികരിച്ചായിരുന്നു അവതാരകന്റെ ചോദ്യം. അശ്ലീലം കലര്‍ന്നതും ദ്വയാര്‍ഥ പ്രയോഗങ്ങളുമുള്ള ചോദ്യങ്ങള്‍ ചോദിച്ച് വൈറല്‍ കോണ്ടന്റ് ഉണ്ടാക്കാന്‍ ശ്രമം നടത്തുന്ന ഇത്തരം അവതാരകര്‍ക്കൊരു ഒരു പാഠമാണ് മനീഷ പഠിപ്പിച്ചതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

മനീഷയെ ചൊടിപ്പിച്ച അവതാരകന്റെ ചോദ്യം ഇങ്ങനെ: ”പല പ്രോഗ്രാമിലും പങ്കെടുത്ത് നല്ല ബന്ധങ്ങള്‍ ചേച്ചിക്കും ഉണ്ട്. എന്നിരുന്നാലും കാലഘട്ടത്തിന് അനുസരിച്ച് ചേച്ചിക്ക് സഞ്ചരിക്കാന്‍ പറ്റാത്തത് കൊണ്ട് പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. അതുകൊണ്ട് മുട്ടുന്ന കാലഘട്ടം ആയത് കൊണ്ട് കണക്ട് ചെയ്ത് ചോദിക്കുവാ, ആരെങ്കിലും മുട്ടിയപ്പോള്‍ ചേച്ചിയുടെ നിലനില്‍പ്പിനും ചേച്ചിയുടെ അവസരത്തിനും വേണ്ടി മുട്ടിയ വാതില്‍ തുറന്ന് കൊടുത്തിട്ടുണ്ടോ?”

Signature-ad

അവതാരകന്റെ മുഖമടച്ചുള്ള നടിയുടെ മറുപടിയും ഉടനെത്തി. നിന്റെ അമ്മയോട് പോയി ചോദിക്ക് എന്നായിരുന്നു ഇതിന് മനീഷ മറുപടി നല്‍കിയത്. നിനക്ക് ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ഇത്തിരി കൂടുതലാണ് എന്നും അതെനിക്ക് പലവട്ടം മനസ്സിലായിട്ടുണ്ട് എന്നും മനീഷ പറയുകയും ചെയ്യുന്നുണ്ട്.

”എന്ത് ഊള ചോദ്യങ്ങളാടോ താന്‍ ചോദിക്കുന്നത്, മുട്ടുമ്പോള്‍ തുറക്കുന്നത് ആണോ എക്‌സ്പീരിയന്‍സ്? ഈ ഇന്റര്‍വ്യൂ എന്ന് പറഞ്ഞു ഇവിടെ മാധ്യമങ്ങള്‍ കൊണ്ട് ഇരുത്തുമ്പോള്‍ എല്ലാവരെയും ഞാന്‍ പറയുന്നില്ല. പ്രത്യേകിച്ച് നിനക്ക് കുറച്ച് അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നത് കുറച്ച് കൂടുതല്‍ ആണ്. അത് വൈറല്‍ ആവാന്‍ ആണോ എന്നറിയില്ല, പക്ഷേ എന്നെപോലെയുള്ള ഒരു ആര്‍ട്ടിസ്റ്റിന്റെ അടുത്ത് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ശരിയല്ല.

വീട്ടില്‍ പോയി അമ്മയോട് ചോദിക്കുമോ ഇങ്ങനെ, അല്ലെങ്കില്‍ പെങ്ങളോട് ചോദിക്കുമോ. നിങ്ങളുടെ വീട്ടുകാര്‍ സിനിമയില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരും സ്ത്രീകളല്ലെ. അമ്മയും പെങ്ങളും എന്നു പറഞ്ഞപ്പോള്‍ നിനക്ക് കൊണ്ടു. അവരാരും സിനിമയില്‍ ഇല്ല എന്നൊരു മറ നീ വച്ചു. നിങ്ങള്‍ ആളും തരവും നോക്കി ചോദ്യങ്ങള്‍ ചോദിക്കൂ. ഇങ്ങനെയൊരു ചോദ്യത്തിന്റെ പ്രസക്തി തന്നെ എന്താണ്. അവസരത്തിനു വേണ്ടി തുറന്നു കൊടുത്തിട്ടുണ്ടോ എന്ന് ഒരു സ്ത്രീയുടെ അടുത്ത് എങ്ങനെ ചോദിക്കാന്‍ തോന്നി. നിന്നെപ്പോലുള്ള ഒരാളുടെ അടുത്ത് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യതപോലും പ്രത്യേകിച്ച് എനിക്കില്ല.

എനിക്കു പരിചയമുള്ള ആളുകള്‍പോലും ഇത്തരം ചോദ്യങ്ങള്‍ എന്റെ നേരെ ചോദിച്ചാല്‍ ചെപ്പക്കുറ്റി അടിച്ച് പൊളിക്കും. എന്നെ അറിയാവുന്ന ആളല്ലേ നീ. ഞങ്ങളൊക്കെ സിനിമയില്‍ പോകുന്നതിന്റെ അര്‍ഥം, എല്ലാവര്‍ക്കും മുട്ടിയാല്‍ തുറക്കപ്പെടും എന്നാണോ. സിനിമയില്‍ മാത്രമല്ല ഇതു നടക്കുന്നത്. കുടുംബത്തിലും നടക്കുന്നില്ലേ.”-മനീഷയുടെ വാക്കുകള്‍.

മനീഷയുടെ മറുപടിയും അവതാരകന്റെ റിയാക്ഷനും ഇതിനകം വൈറലായിട്ടുണ്ട്. ഇത്തരം അനാവശ്യ ചോദ്യങ്ങള്‍ക്ക് ഈ രീതിയില്‍ തന്നെ മറുപടി കൊടുക്കണമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ഇതിനു മുമ്പ് ‘ഡിഎന്‍എ’ എന്ന സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെ നടി ഹന്ന റെജി കോശയ്ക്കും സമാനമായ അനുഭവം ഉണ്ടായിരുന്നു. അഭിമുഖത്തിന് ഇടയില്‍ കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട് നിലവാരമില്ലാത്ത രീതിയിലുള്ള ചോദ്യമായിരുന്നു ഹന്നയ്ക്ക് നേരിടേണ്ടി വന്നത്. തുടര്‍ന്ന് ഹന്നയും സഹതാരം അഷ്‌കര്‍ സൗദാനും അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയായി മാറിയ താരമാണ് മനീഷ. അതിലുമുപരി താരം മികച്ച ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റും ഗായികയു കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: