KeralaNEWS

പല്ലുതേയ്ക്കാനും കുളിക്കാനും വെള്ളമില്ലാതെ വധൂവരന്‍മാര്‍! വിവാഹനിശ്ചയ ചടങ്ങില്‍ കൈ കഴുകാന്‍ കുപ്പിവെള്ളം; മന്ത്രി മന്ദിരങ്ങളിലും എകെജി സെന്ററിലും വെള്ളം മുടങ്ങാത്തത് ആശ്വാസം

തിരുവനന്തപുരം: തലസ്ഥാനത്ത് നാലു ദിവസം നീണ്ടു നിന്ന ‘വെള്ള’പ്രതിസന്ധിയില്‍ പുലിവാല് പിടിച്ചത് വിവാഹ പാര്‍ട്ടിക്കാരാണ്. കല്യാണപ്പെണ്ണിനും ചെക്കനും പല്ലുതേയ്ക്കാനും കുളിക്കാനും പോലും വെളളം കിട്ടാത്ത അവസ്ഥയുണ്ടായി എന്നു പറഞ്ഞാല്‍ മൂക്കത്ത് വിരല്‍ വയ്ക്കരുത്. മറ്റൊരിടത്ത് വിവാഹസദ്യ കഴിഞ്ഞ് കൈകഴുകാന്‍ വെള്ളമില്ലാതെ് അഥിതികള്‍ മെഴുകേണ്ടി വന്ന അവസ്ഥയുമുണ്ടായി.

ചിങ്ങത്തിലെ അവസാന ഞായറാഴ്ച, ഏറ്റവും ശുഭ മുഹൂര്‍ത്തം. ഗുരുവായൂരില്‍ റെക്കോര്‍ഡ് കല്യാണം നടന്ന ഇന്നലെ തിരുവനന്തപുരത്തും വിവാഹങ്ങള്‍ക്കു കുറവൊന്നുമുണ്ടായിരുന്നില്ല. പുലര്‍ച്ചെ വെള്ളമെത്തും എന്ന ജല അതോറിറ്റിയുടെ വാക്കും വിശ്വസിച്ചിരുന്ന കല്യാണ വീട്ടുകാരെല്ലാം പല്ലുതേയ്ക്കാന്‍പോലും വെള്ളമില്ലാതെ നെട്ടോട്ടമോടി. ”ഞങ്ങള്‍ കുളിച്ചില്ലെങ്കിലും കുഴപ്പമില്ല, പയ്യനും പെണ്ണും എന്തു ചെയ്യും” എന്നായിരുന്നു സങ്കടംപറച്ചില്‍. പുലര്‍ച്ചെ കല്യാണപ്പയ്യനും പെണ്ണിനും വെള്ളം ഒപ്പിക്കാന്‍ ബന്ധുക്കള്‍ പരക്കം പാഞ്ഞു. അങ്ങനെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മറക്കാനാവാത്ത അവിസ്മരണീയദിനമായി പല കല്യാണങ്ങളും മാറി.

Signature-ad

വെള്ളമില്ലാത്തതിന്റെ ബുദ്ധിമുട്ട് കല്യാണമണ്ഡപങ്ങളിലും ഉണ്ടായി. എംഎല്‍എയും തലസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങില്‍ അതിഥികള്‍ക്കു കൈ കഴുകാന്‍ പോലും വെള്ളം കിട്ടാത്ത അവസ്ഥ. ഫോര്‍ട്ട് പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹനിശ്ചയ ചടങ്ങിന്റെ സദ്യയ്ക്കിടയിലാണ് ദുരവസ്ഥ. ഒടുവില്‍, വധുവിന്റെ ബന്ധുക്കള്‍ വാഹനവുമായി ചാലയിലെത്തി ഇരുന്നൂറിലധികം കാനുകളില്‍ കുപ്പിവെള്ളം എത്തിച്ചാണ് കൈ കഴുകാന്‍ സൗകര്യമൊരുക്കിയത്.

കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍, കോണ്‍ഗ്രസ് നേതാവ് വി.എസ്.ശിവകുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ എഴുന്നൂറോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സദ്യ രണ്ടാം പന്തി ആരംഭിച്ചതോടെയാണ് വെള്ളമില്ലെന്ന് അറിഞ്ഞത്. ഇവിടെയുള്ള 2000 ലീറ്ററിന്റെ ടാങ്ക് ശൂന്യമായിരുന്നു. തുടര്‍ന്നാണ് വലിയ കാനുകളില്‍ വെള്ളമെത്തിച്ചത്.

തിരുവനന്തപുരത്തെ പേരുകേട്ട ഒരു വിവാഹസദ്യയ്ക്കായി വലിയ തോതിലാണു പണം കൊടുത്തു കല്യാണ മണ്ഡപങ്ങളില്‍ വെള്ളമെത്തിച്ചത്. ചില കല്യാണ മണ്ഡപങ്ങള്‍ ഇതിന്റെ പണം വീട്ടുകാരില്‍നിന്നു തന്നെ ഈടാക്കി. സദ്യയ്ക്കിടെ മൂന്നു തവണയെങ്കിലും വിതരണം ചെയ്യുന്ന കുടിവെള്ളം ഒന്നായി ഒതുക്കി. ശുഭ മുഹൂര്‍ത്തം ആയതിനാല്‍ ഗൃഹപ്രവേശം ഉള്‍പ്പെടെയുള്ള ചടങ്ങുകളും നഗരത്തിന്റെ പല ഭാഗങ്ങളിലും ഇന്നലെ ഉണ്ടായിരുന്നു. കല്യാണത്തിനും പാലുകാച്ചല്‍ ചടങ്ങിനുമെല്ലാം കുളിച്ചൊരുങ്ങി അതിഥികളായി പോകേണ്ടവരും പ്രയാസപ്പെട്ടു.

തലസ്ഥാനത്തെ പകുതിയോളം വാര്‍ഡുകളില്‍ വെള്ളം മുടങ്ങിയിട്ടും മന്ത്രി മന്ദിരങ്ങളില്‍ വെള്ളം യഥേഷ്ടം ലഭിച്ചു. ഭൂരിഭാഗം മന്ത്രി മന്ദിരങ്ങളും വെള്ളം മുടങ്ങിയതു ബാധിച്ച വാര്‍ഡുകളില്‍ അല്ല എന്നതാണു പ്രധാന കാരണം. മന്ത്രി മന്ദിരങ്ങളില്‍ വെള്ളം മുടങ്ങിയാല്‍ ഉടന്‍ ടാങ്കറില്‍ വെള്ളം എത്തിക്കുകയും ചെയ്യും. ഭാഗികമായി വെള്ളം മുടങ്ങുമെന്ന് അറിയിച്ചിരുന്ന കുന്നുകുഴി വാര്‍ഡിലുള്ള സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിലും എംഎല്‍എ ഹോസ്റ്റലിലും വെള്ളം മുടങ്ങിയില്ല.

തിങ്കളാഴ്ച പുലര്‍ച്ചെയോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തി. രാവിലെയായപ്പോഴേക്കും നഗരവാസികള്‍ക്ക് ആശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: