കൊച്ചി: ലൈംഗികപീഡന കേസില്‍ എം.മുകേഷ് എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ ഇല്ല. അന്വേഷണസംഘത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നായിരുന്നു മുന്‍പ് ലഭിച്ചിരുന്ന വിവരം. ഇതിനുള്ള ആലോചനകള്‍ എസ്ഐടി നടത്തവെയാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം എത്തിയത്. എസ്ഐടി നല്‍കിയ കത്ത് പ്രോസിക്യൂഷന്‍ മടക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. മുകേഷിന്റെ കാര്യത്തില്‍ അപ്പീല്‍ നല്‍കാത്ത പക്ഷം ഇടവേള ബാബുവിന് ജാമ്യം ലഭിച്ച കേസിലും സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല.
പരാതിക്കാരിയുടെ മൊഴിയടക്കം പരിശോധിച്ച് രഹസ്യ വാദത്തിന് ശേഷമാണ് മുകേഷിന് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധമെന്ന സൂചന പരാതിക്കാരിയുടെ മൊഴിയിലില്ലെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. മറ്റൊരു പ്രതിയായ ഇടവേള ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും സെഷന്‍സ് കോടതി തീര്‍പ്പാക്കിയിരുന്നു. ഈ ഉത്തരവില്‍ വ്യക്തത വരുത്തിയ ശേഷമാകും കേസിലെ തുടര്‍നടപടികള്‍ എന്നായിരുന്നു മുന്‍പുള്ള ധാരണ.
ഓഗസ്റ്റ് 26നാണ് നടി, മുകേഷടക്കം ഏഴുപേര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. പിന്നീട് ഇമെയില്‍ വഴി പ്രത്യേക അന്വേഷണ സംഘത്തിന് പരാതിയും നല്‍കി. മരട് പൊലീസാണ് മുകേഷിനെതിരായ കേസന്വേഷണം നടത്തിയത്. സെപ്തംബര്‍ അഞ്ചിനാണ് മുകേഷിന് കോടതി ജാമ്യം അനുവദിച്ചത്. സത്യം ചെരുപ്പിട്ട് വരുമ്പോഴേക്ക് കള്ളം ലോകം ചുറ്റിക്കഴിഞ്ഞിരിക്കുമെന്നാണ് മുകേഷ് തനിക്കെതിരായ കേസിനെക്കുറിച്ച് പ്രതികരിച്ചത്.