Fiction

പരിമിതികളെക്കുറിച്ച് പരിതപിക്കാതെ ലഭ്യമായതിൽ തൃപ്തിപ്പെടാൻ ശീലിക്കൂ

വെളിച്ചം

സ്വന്തം വീട്ടില്‍ ഒട്ടും ഇടമില്ല എന്നതായിരുന്നു അയാളുടെ പരാതി. അച്ഛനും അമ്മയ്ക്കും ഭാര്യക്കും രണ്ട് കുട്ടികള്‍ക്കും കൂടി താമസിക്കാനുളള സ്ഥലമില്ല. അയാള്‍ പരാതിയുമായി ഗുരുവിനടുത്തെത്തി.
ഗുരു പറഞ്ഞു:

Signature-ad

“ഞാന്‍ നിങ്ങളുടെ വീടിനെ വലുതാക്കാന്‍ സഹായിക്കാം. പക്ഷേ, ഞാന്‍ പറയുന്നത് പോലെ തന്നെ നിങ്ങള്‍ ചെയ്യണം.”

അയാള്‍ സമ്മതിച്ചു.

“നിങ്ങളുടെ കോഴികളെക്കൂടി വീടിനകത്തേക്ക് കൊണ്ടുപോകൂ…”

അല്‍പം മടിയോടെയാണെങ്കിലും അയാള്‍ ആ നിർദ്ദേശം അനുസരിച്ചു. പിറ്റേദിവസം അയാള്‍ ഗുരുവിനോട് പറഞ്ഞു:

“വീട്ടില്‍ ആകെ പ്രശ്‌നങ്ങളാണ്…”

അപ്പോള്‍ ഗുരു പറഞ്ഞു:

”ശരി, എങ്കില്‍ ആടുകളെ കൂടി വീടിനകത്ത് കെട്ടൂ… ”
അങ്ങനെ ചെയ്തതിന്റെ പിറ്റേ ദിവസം അയാള്‍ ഗുരുവിനോടു പറഞ്ഞു:

“എനിക്ക് ഭ്രാന്താണെന്ന് വീട്ടുകാര്‍ പറയുന്നു…”

പക്ഷേ, പശുവിനെകൂടി അകത്ത് കെട്ടാനായിരുന്നു ഗുരുവിന്റെ നിര്‍ദ്ദേശം. പാതി മനസ്സോടെ അയാള്‍ അപ്രകാരം ചെയ്തു.
പിറ്റേ ദിവസം പരാതികളുമായി ഗ എത്തിയ അയാളോട് ഗുരു പറഞ്ഞു:

“ഇനി മൃഗങ്ങളെയെല്ലാം വീടിന് പുറത്താക്കൂ…”
അന്ന് വൈകുന്നേരം അയാള്‍ മടങ്ങിവന്ന് പറഞ്ഞു:

“ഇപ്പോള്‍ വീട്ടില്‍ ധാരാളം ഇടമുണ്ട്…”

നിലവിലെ സൗകര്യങ്ങളെ പഴിക്കുന്നവർ പലരും സാങ്കല്പിക സ്ഥലങ്ങളുടെ അഴകിനെ കുറിച്ചായിരിക്കും സ്വപ്നം കാണുന്നത്. ഉള്ളതില്‍ സംതൃപ്തരാകില്ല. പരിമിതികളെക്കുറിച്ച് എപ്പോഴും ആവലാതിപ്പെടും.
തങ്ങള്‍ക്കു സ്വന്തമായി ഉള്ളവയെ ശരിയായി ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്നതും അവയില്‍ സന്തോഷം കണ്ടെത്താന്‍ ആകുന്നില്ല എന്നതുമാണ് ഈ മാനസികാസ്വാസ്ഥ്യത്തിന്റെ അടിസ്ഥാനകാരണങ്ങള്‍.

എന്തിനും അതിന്റേതായ അര്‍ത്ഥവും അലങ്കാരവുമുണ്ട്. അവയെ അനര്‍ത്ഥങ്ങളായി വ്യാഖ്യാനിച്ചാല്‍ ശരീരവും മനസ്സും അസ്വസ്ഥമാകും, അവയെ അനുഗ്രഹമായി കാണാന്‍ ശ്രമിച്ചാല്‍ ഒരോ നിമിഷവും ആഹ്ലാദമുണ്ടാകും…
അതെ, നമുക്ക് ഉളളവയില്‍ തൃപ്തിപ്പെടാന്‍ ശീലിക്കാം.

ആഹ്ലാദപൂർണമായ ഞായറാഴ്ച ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Back to top button
error: