KeralaNEWS

ഇസ്മായിലിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ ബിനോയ് വിശ്വം; സിപിഐയില്‍ വെട്ടിനിരത്തല്‍ സാധ്യത

തിരുവനന്തപുരം: സമാന്തരപ്രവര്‍ത്തനം നടത്തിയതിന്റെപേരില്‍ മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ കെ.ഇ. ഇസ്മായിലിനെതിരേ സി.പി.ഐ. അച്ചടക്കനടപടിക്ക് ഒരുങ്ങുമ്പോള്‍ അതിന് പ്രതിരോധിക്കാന്‍ വിമത പക്ഷം. എന്നാല്‍ നടപടിയുമായി മുമ്പോട്ട് പോകുമെന്ന് തന്നെയാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ അനുകൂലിക്കുന്നവരുടെ നിലപാട്. സിപിഎമ്മില്‍ കാനം പക്ഷത്തിന് ഇപ്പോഴും മുന്‍തൂക്കമുണ്ടെന്ന് കാട്ടാന്‍ കൂടിയാണ് ഇസ്മയിലിനെ പുറത്താക്കാന്‍ ഔദ്യോഗിക പക്ഷം തയ്യാറെടുക്കുന്നത്.

പാലക്കാട്ടെ സേവ് സി.പി.ഐ. ഫോറത്തിനു മുന്‍കൈയെടുത്തു എന്ന വിവാദത്തില്‍ ഇസ്മായിലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിലാണ് ഈ തീരുമാനം. സംസ്ഥാന നേതൃസമിതികള്‍ക്കു സമാന്തരമായി സേവ് സി.പി.ഐ. ഫോറം പ്രവര്‍ത്തിക്കുന്നുവെന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുള്ള പരാതി. ഇക്കാര്യം എക്സിക്യുട്ടീവില്‍ ചര്‍ച്ചയായതിനെത്തുടര്‍ന്നാണ് നോട്ടീസ് നല്‍കാനുള്ള തീരുമാനം. എക്സിക്യൂട്ടിവില്‍ ബിനോയ് വിശ്വത്തിന് പിന്തുണയുണ്ട്. ഇതാണ് തീരുമാനത്തില്‍ നിര്‍ണ്ണായകമായത്.

Signature-ad

സിപിഐയിലെ വിമത സ്വരങ്ങളെ എത്രയും വേഗം വെട്ടിയൊതുക്കാനാണ് നീക്കം. അടുത്ത സമ്മേളനത്തില്‍ തിരിച്ചടിക്കാന്‍ ഒരുങ്ങുന്ന ഇസ്മായില്‍ പക്ഷത്തിന് പുതിയ നീക്കം വലിയ വെല്ലുവിളിയാണ്. പാലക്കാടു കേന്ദ്രീകരിച്ച് ഇസ്മായിലിന്റെ നേതൃത്വത്തില്‍ സമാന്തര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും മറ്റു ജില്ലകളിലേക്കു കൂടി അതു വ്യാപിപ്പിക്കാന്‍ ശ്രമം നടക്കുന്നതായും വിലയിരുത്തിയാണ് അച്ചടക്ക നടപടിക്കുള്ള നീക്കം.

ഇസ്മായില്‍ പാര്‍ട്ടി വിരുദ്ധ സമാന്തര പ്രവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ച് പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് സിപിഐ നേതൃത്വത്തിനു നല്‍കിയ കത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ കൊല്ലത്തും ചില വിഭാഗീയ നീക്കങ്ങള്‍ അദ്ദേഹം നടത്തുന്നതായി കെ.ആര്‍.ചന്ദ്രമോഹന്‍ ആരോപിച്ചിരുന്നു. പാര്‍ട്ടി തിരുവനന്തപുരം ജില്ലാ നേതൃത്വത്തെ അറിയിക്കുക പോലും ചെയ്യാതെ എന്‍.ഇ.ബാലറാമിന്റെ ഭാര്യയെ ഇസ്മായിലും സി.എന്‍.ചന്ദ്രനും ചേര്‍ന്ന് വീട്ടില്‍ പോയി ആദരിച്ചത് നിഷ്‌കളങ്കമല്ലെന്ന് പി.സന്തോഷ്‌കുമാര്‍ പറഞ്ഞു.

സമാന്തര പ്രവര്‍ത്തനം നടത്തുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന ഇസ്മായിലിന്റെ നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നു യോഗം വിലയിരുത്തിയാണ് വിശദീകരണം തേടാന്‍ തീരുമാനിച്ചത്. ഇസ്മായിലിനെ പ്രകോപിപ്പിക്കാന്‍ മാത്രമേ ഇതു കാരണമാകൂവെന്നും ആലോചിച്ചു ചെയ്യണമെന്നുമുള്ള കെ.പ്രകാശ് ബാബുവിന്റെയും ഇ.ചന്ദ്രശേഖരന്റെയും വിയോജിപ്പ് യോഗം അംഗീകരിച്ചില്ല. കടുത്ത നടപടികള്‍ എടുക്കുമെന്ന സന്ദേശവും അവര്‍ക്ക് നല്‍കി.

സിപിഐ സംസ്ഥാന സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന സംസ്ഥാന സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചയില്‍ സെന്ററിന്റെ വീഴ്ചകള്‍ ചിലര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൂടുതല്‍ ക്ഷമയോടെയും ശ്രദ്ധയോടെയും പാര്‍ട്ടിയെ ഏകോപിപ്പിക്കണമെന്ന ആവശ്യം ഉണ്ടായി. സംസ്ഥാന അസി.സെക്രട്ടറിമാരില്‍ ഒരാളായ ഇ.ചന്ദ്രശേഖരന്‍ സെന്റര്‍ പ്രവര്‍ത്തനത്തില്‍ സംഭാവന നല്‍കാത്തത് വിമര്‍ശനവിധേയമായി. പാര്‍ട്ടി സെന്ററില്‍ മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്.

ആഭ്യന്തരവകുപ്പിനെതിരേ പി.വി. അന്‍വര്‍ ഉയര്‍ത്തിയിട്ടുള്ള ആരോപണങ്ങള്‍ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയെന്നാണ് സി.പി.ഐ.യുടെ വിലയിരുത്തല്‍. ഈ അവസരം പരമാവധി രാഷ്ട്രീയവും സംഘടനാപരവുമായി ഉപയോഗപ്പെടുത്തും. സി.പി.എമ്മിലെ അസംതൃപ്തവിഭാഗങ്ങളുമായി നിരന്തരം ആശയവിനിമയം നടത്താനും സാധ്യമായവരെ പാര്‍ട്ടിയിലെത്തിക്കാനുമാണ് ധാരണ. അതേസമയം, സി.പി.എമ്മുമായി പരസ്യമായ ഏറ്റുമുട്ടല്‍ വേണ്ടെന്നും യോഗം തീരുമാനിച്ചു. ഇടതുമുന്നണിയിലെ പ്രധാന തിരുത്തല്‍ശക്തിയായി മാറാനുള്ള സാധ്യതകളും പ്രയോജനപ്പെടുത്തും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: