IndiaNEWS

ആദ്യ പട്ടികയ്ക്കു പിന്നാലെ ഹരിയാന ബി.ജെ.പിയില്‍ ഭൂകമ്പം; മന്ത്രിയും എം.എല്‍.എയും മുന്‍മന്ത്രിയുമടക്കം പാര്‍ട്ടി വിട്ടത് 20 ലേറെ നേതാക്കള്‍

ചണ്ഡീഗഢ്: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ ഹരിയാന ബിജെപിയില്‍നിന്ന് കൂട്ടക്കൊഴിഞ്ഞുപോക്ക് തുടരുന്നു. ടിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് രണ്ട് ദിവസത്തിനിടെ 20ലേറെ നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ഇതില്‍ മന്ത്രിയും മുന്‍ മന്ത്രിമാരും എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളുമുണ്ട്. 67 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ഒമ്പത് എംഎല്‍എമാര്‍ക്കാണ് ബിജെപി സീറ്റ് നിഷേധിച്ചത്. ഈ സാഹചര്യത്തില്‍ രാജി തുടരും എന്നാണ് സൂചന.

വൈദ്യുതി-ജയില്‍ വകുപ്പ് മന്ത്രി രഞ്ജിത് സിങ് ചൗട്ടാല, മുന്‍ മന്ത്രിയും ഒബിസി മോര്‍ച്ചാ നേതാവുമായ കരണ്‍ ദേവ് കാംബോജ്, രതിയ എംഎല്‍എ ലക്ഷ്മണ്‍ നാപ എന്നിവരടക്കമുള്ളവരാണ് രാജിവച്ചത്. രതിയ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമയ നാപയ്ക്ക് സീറ്റ് നിഷേധിച്ച് പകരം മുന്‍ സിര്‍സ എം.പിയായ സുനിത ദുഗ്ഗലിനാണ് ബിജെപി ടിക്കറ്റ് നല്‍കിയത്. നാപയ്ക്ക് വീണ്ടും ടിക്കറ്റ് നല്‍കാമെന്ന് ബിജെപി അറിയിച്ചെങ്കിലും വാക്ക് തെറ്റിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നാപ പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.

Signature-ad

ദാദ്രി കിസാന്‍ മോര്‍ച്ച ജില്ലാ പ്രസിഡന്റ് വികാസ് എന്ന ഭല്ല, ബിജെപി യുവമോര്‍ച്ച സംസ്ഥാന എക്സിക്യുട്ടീവ് അംഗവും സോനിപ്പത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരനുമായിരുന്ന അമിത് ജെയ്ന്‍, ഉക്ലാന സീറ്റ് നിഷേധിക്കപ്പെട്ട ഷംഷേര്‍ ഗില്‍, ബിജെപി കിസാന്‍ മോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ സുഖ്വീന്ദര്‍ മാണ്ഡി, ഹിസാറില്‍നിന്നുള്ള ദര്‍ശന്‍ ഗിരി മഹാരാജ്, സീമ ഗായ്ബിപൂര്‍, എച്ച്എസ്എഎം ബോര്‍ഡ് ചെയര്‍മാനായിരുന്ന ആദിത്യ ചൗട്ടാല, ബിജെപി മഹിളാ മോര്‍ച്ച ജില്ലാ അധ്യക്ഷ ആഷു ഷേര, ഹിസാറിലെ സാവിത്രി ജിന്‍ഡാല്‍, തരുണ്‍ ജെയ്ന്‍, ഗുരുഗ്രാമില്‍നിന്നുള്ള നവീന്‍ ഗോയല്‍, രെവാരിയില്‍നിന്നുള്ള ഡോ. സതിഷ് ഖോല, ബിജെപി ജില്ലാ വൈസ് പ്രസിഡന്റും മുന്‍ കൗണ്‍സിലര്‍ സഞ്ജീവ് വലേച്ചയുടെ ഭാര്യയുമായ ഇന്ദു വലേച്ച, മുന്‍ മന്ത്രിമാരായ ബച്ചന്‍ സിങ് ആര്യ, ബിഷാംബേര്‍ ബാല്‍മീകി, ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പണ്ഡിറ്റ് ജി.എല്‍ ശര്‍മ, രെവാരിയില്‍നിന്നുള്ള പ്രശാന്ത് സന്നി യാദവ് എന്നിവരാണ് പാര്‍ട്ടി വിട്ട മറ്റു നേതാക്കള്‍.

രാജിവച്ചവരില്‍ സാവിത്ര ജിന്‍ഡാല്‍, തരുണ്‍ ജെയ്ന്‍, രഞ്ജിത് ചൗട്ടാല, പ്രശാന്ത് സന്നി യാദവ് എന്നിവര്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സന്നി യാദവ് ബിജെപിയില്‍ ചേര്‍ന്നത്. ജി.എല്‍ പണ്ഡിറ്റ് ശര്‍മ സെപ്തംബര്‍ എട്ടിന് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം.

അതേസമയം, മുന്‍ ഉപപ്രധാനമന്ത്രി ദേവി ലാലിന്റെ മകന്‍ രഞ്ജിത്ത് റാനിയ രതിയ മണ്ഡലത്തില്‍നിന്ന് സ്വതന്ത്രനായോ അല്ലെങ്കില്‍ മറ്റേതെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥിയായോ മാത്രമേ മത്സരിക്കുകയുള്ളൂവെന്ന് നേരെത്തേ നിലപാടെടുത്തിരുന്നു. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ റാനിയ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് എംഎല്‍എ ആയ അദ്ദേഹം അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിസാര്‍ മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനു പിന്നാലെയാണ് ബിജെപിയില്‍ തുടരാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ദബ്വാലി മണ്ഡലത്തില്‍ നിന്ന് ബിജെപി സീറ്റ് നല്‍കാമെന്ന് പറഞ്ഞെങ്കിലും രഞ്ജിത്ത് അനുരണനത്തിന് തയാറായില്ല.

അതേസമയം, രാജിക്കു പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഒബിസി മോര്‍ച്ച നേതാവ് കാംബോജ് രംഗത്തെത്തി. പാര്‍ട്ടി അതിന്റെ പ്രത്യയശാസ്ത്രത്തില്‍ നിന്ന് വ്യതിചലിക്കുന്നു എന്ന് അദ്ദേഹം തുറന്നടിച്ചു. ഒരുപക്ഷേ ബിജെപിക്ക് ഇനി വിശ്വസ്തരെ ആവശ്യമില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

ബിജെപി സ്ഥാപകരായ ദീന്‍ ദയാല്‍ ഉപാധ്യായയും ശ്യാമ പ്രസാദ് മുഖര്‍ജിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മുന്നോട്ടുവച്ച ആദര്‍ശങ്ങളും നിലപാടുകളും നിലവിലെ നേതാക്കള്‍ മറന്നുപോകുന്നുണണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കായി കൂറുമാറ്റം നടത്തുന്ന രാജ്യദ്രോഹികള്‍ക്ക് ബിജെപി പ്രതിഫലം നല്‍കുന്നുണ്ടെന്നും ഇത് പാര്‍ട്ടിയുടെ വിശ്വസ്തരുടെ ചെലവിലാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ദ്രിയില്‍ നിന്നോ റദൗറില്‍ നിന്നോ ടിക്കറ്റ് പ്രതീക്ഷിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം.

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി നായിബ് സിങ് സൈനിക്ക് ഹസ്തദാനം നല്‍കാന്‍ വിസമ്മതിക്കുന്ന കാംബോജിന്റെ വീഡിയോ പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന പാര്‍ട്ടി യോഗത്തിലേക്ക് എത്തിയപ്പോഴായിരുന്നു സംഭവം. വേദിയിലേക്ക് എത്തുമ്പോള്‍ മുഖ്യമന്ത്രി ഹസ്തദാനം ചെയ്യാന്‍ ശ്രമിക്കുകയും എന്നാല്‍ കംബോജ് നിരസിക്കുകയുമായിരുന്നു. മുഖ്യമന്ത്രി തോളത്ത് തലോടിയെങ്കിലും അദ്ദേഹത്തിന്റെ മുഖത്തുനോക്കാനും കംബോജ് തയാറായില്ല.

ബിജെപിയെ വര്‍ഷങ്ങളോളം സേവിച്ചവരെ അവഗണിച്ച് അടുത്തിടെ പാര്‍ട്ടിയിലേക്ക് വന്നവര്‍ക്ക് ടിക്കറ്റ് പ്രതിഫലം നല്‍കുന്നു എന്ന ആരോപണവും നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. തെരഞ്ഞെടുപ്പിന് കേവലം ഒരു മാസം ബാക്കിനില്‍ക്കെ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത് ബിജെപിക്കുണ്ടാക്കിയിരിക്കുന്ന ക്ഷീണവും തലവേദനയും ചെറുതല്ല.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: