മലപ്പുറം: മുന്‍ എസ്പി: സുജിത് ദാസ് എംഎസ്പി സ്‌കൂളില്‍ മുഖ്യമന്ത്രിയുടെ ഉത്തരവ് അട്ടിമറിച്ച് നിയമനം നടത്തി. നിയമനം പിഎസ്സിക്ക് വിട്ട ഉത്തരവാണ് സുജിത്ദാസ് അട്ടിമറിച്ചത്.
നിയമനത്തിലെ സുജിത് ദാസിന്റെ ഇടപെടലുകളുടെ തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. പണം വാങ്ങിയാണ് സുജിത് ദാസ് നിയമനം നടത്തിയതെന്ന് കെഎസ്യു ആരോപിച്ചു.
ആഭ്യന്തര വകുപ്പിന് കീഴില്‍ എയ്ഡഡ് പദവിയിലാണ് മലബാര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍(എംഎസ്പി) പ്രവര്‍ത്തിക്കുന്നത്. 2021 ഫെബ്രവരി 7ന് സ്‌കൂളിലെ നിയമനം പിഎസ്സിക്ക് വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. ഇത് ലംഘിച്ച് സ്‌കൂളിന്റെ മാനേജര്‍ കൂടിയായ കമാന്‍ഡന്റ് സുജിത് ദാസ്, 2021 നവംബര്‍ 18ന് ഉത്തരവിറക്കി, വിവിധ അധ്യാപക തസ്തികകളിലേക്ക് എഴുത്ത് പരീക്ഷ നടത്താനായിരുന്നു ഉത്തരവ്.
സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ച് സുജിത് ദാസ്, സ്‌കൂളില്‍ ആറ് നിയമനങ്ങള്‍ നടത്തിയെന്നാണ് ആരോപണം. സുജിത് ദാസ് എംഎസ്പിയില്‍ നിന്നും പോയ ശേഷം ബിജെപി നേതാവും മുന്‍ കേന്ദ്ര ഇന്റലിജന്‍സ് ഉദ്യോഗസ്ഥനുമായ വ്യക്തിയുടെ മകനും സ്‌കൂളില്‍ നിയമനം ലഭിച്ചു. ഇതിനായി ലക്ഷങ്ങള്‍ വാങ്ങിയതായും ആരോപണമുണ്ട്.
എംഎസ്പി സ്‌കൂളില്‍ ഇതുവരെ പിഎസ്സി നിയമനം നടന്നിട്ടില്ല. നിരവധി ഒഴിവുകളുണ്ടെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും പരാതിയുണ്ട്.