KeralaNEWS

ഒരുറപ്പും ലഭിച്ചിട്ടില്ല, ഹെഡ്മാസ്റ്ററേക്കുറിച്ച് അന്വേഷിക്കുന്നത് പ്യൂണാകരുത്; അതൃപ്തി പരസ്യമാക്കി അന്‍വര്‍

തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത്കുമാര്‍ ഉള്‍പ്പെടയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ താന്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകുമെന്ന ഉറപ്പ് എവിടെ നിന്നും ലഭിച്ചിട്ടില്ലെന്ന് പി.വി. അന്‍വര്‍. ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍വര്‍.

എഡിജിപിക്കെതിരെ അടക്കമുള്ള പരാതി അന്വേഷിക്കാന്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചതിലുള്ള അതൃപ്തിയും അന്‍വര്‍ പ്രകടിപ്പിച്ചു. ഹെഡ്മാസ്റ്ററേക്കുറിച്ചന്വേഷിക്കുന്നത് പ്യൂണാകരുതെന്നും അങ്ങനെ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കും സര്‍ക്കാരിനുമുണ്ടാകുമെന്നും അന്‍വര്‍ ഓര്‍മിപ്പിച്ചു.

Signature-ad

‘ഞാന്‍ ഉയര്‍ത്തിയ വിഷയങ്ങളുമായി പൊതുസമൂഹത്തിന് മുന്നിലുണ്ടാകും. അതില്‍ ഒരു തര്‍ക്കവുമില്ല. എഡിജിപിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണം വേണമോയെന്നത് സര്‍ക്കാരും മുഖ്യമന്ത്രിയുമാണ് തീരുമാനിക്കേണ്ടത്. പാര്‍ട്ടിക്ക് മുന്നിലും ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണ സംഘത്തെ മാറ്റണമോ എന്നൊന്നും ഞാന്‍ ഇപ്പോള്‍ പറയില്ല. അത് പിന്നീട് നോക്കാം.

ഇത് അന്തസ്സുള്ള സര്‍ക്കാരും മുഖ്യമന്ത്രിയും പാര്‍ട്ടിയുമാണ്. അവരുടെ മുന്നിലാണ് എന്റെ പരാതി നല്‍കിയിട്ടുള്ളത്. ജനങ്ങളുടെ മുന്നിലാണ് ഞാന്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞിട്ടുള്ളത്. ഹെഡ്മാസ്റ്ററെ കുറിച്ച് പരാതി നല്‍കിയാല്‍ അദ്ദേഹത്തിന് കീഴിലുള്ള അധ്യാപകരും പ്യൂണും അല്ല അന്വേഷിക്കുക. അങ്ങനെയുള്ള ഒരു നയം ഉണ്ടാകുമോ. ഞാന്‍ പരാതി നല്‍കിയിട്ട് ഒരു ദിവസമേ ആയിട്ടുള്ളൂ. അത് പഠിക്കട്ടേ. അതിന് നടപടിക്രമങ്ങളുണ്ട്. ഹെഡ്മാസ്റ്ററെ കുറിച്ച് പ്യൂണ്‍ അന്വേഷിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം ഈ പാര്‍ട്ടിക്കും സര്‍ക്കാരിനും ഉണ്ടാകും’, അന്‍വര്‍ പറഞ്ഞു.

എം.ആര്‍. അജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ സംഘത്തിലുള്ളത് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥരാണ്. ആ ഘട്ടത്തില്‍ എങ്ങനെ നീതിപൂര്‍വ്വമായ അന്വേഷണം നടക്കുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അതേ ചോദ്യംതന്നെയാണ് തനിക്കുമുള്ളതെന്ന് അന്‍വര്‍ മറുപടി നല്‍കി. അതിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

എനിക്ക് പിന്നിലുള്ള ദൈവം മനുഷ്യരല്ല. ദൈവം ദൈവം തന്നെയാണ്. എനിക്ക് ഒരുറപ്പും എവിടെനിന്നും ലഭിച്ചിട്ടില്ല. നീതിപൂര്‍വ്വമായ അന്വേഷണം ഇക്കാര്യത്തില്‍ നടക്കുമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയോട് പറയേണ്ട കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. ലക്ഷകണക്കിന് സഖാക്കര്‍ പറയാന്‍ ആഗ്രഹിച്ച കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. ഈ സര്‍ക്കാരും പാര്‍ട്ടിയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന പാവപ്പെട്ട ജനങ്ങളുണ്ട്. ഈ സര്‍ക്കാരിനെ അധികാരത്തിലെത്തിച്ച ജനങ്ങളുടെ വികാരമാണ് ഞാന്‍ പറഞ്ഞത്. അതിനെ തള്ളിക്കളയാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മുഖ്യമന്ത്രിക്ക് ഒരിക്കലും വീഴ്ചസംഭവിച്ചിട്ടില്ല. അദ്ദേഹം വിശ്വസിച്ച് ഏല്‍പ്പിച്ചവര്‍ ഈ വിശ്വാസ്യത നിറവേറ്റിയില്ല. ഏല്‍പ്പിച്ചവന്‍ അല്ല അതിന് ഉത്തരവാദി.

ഉത്തരവാദപ്പെട്ടവര്‍ക്ക് ഇതിനേക്കുറിച്ച് അറിയാത്തതാകാം അവര്‍ ചൂണ്ടിക്കാട്ടാത്തതിന് കാരണം. ഞാന്‍ അത്രയും വിശദമായി പഠിച്ച് ജനങ്ങളുടെ വികാരം കണ്ടുകൊണ്ട് നില്‍ക്കുകയാണ്. എന്തുകൊണ്ട് ഈ പോലീസ് ജനങ്ങളെ നിരന്തരം വെറുപ്പിക്കുന്നു. എന്താണ് ഇതിന് കാരണം. എന്തുകൊണ്ട് തൃശ്ശൂര്‍പൂരം കലക്കുന്നു. ഇങ്ങനെ ഒരു വൃത്തിക്കെട്ട പോലീസ് ഉണ്ടാകുമോ കേരളത്തില്‍. ആ അന്വേഷണമാണ് എന്നെ ഇവിടെ എത്തിച്ചിട്ടുള്ളത്. പി.വി.അന്‍വര്‍ ദൈവത്തിനും ഈ പാര്‍ട്ടിക്കും മാത്രമേ കീഴടങ്ങുകയുള്ളൂ. ഈ ലോകത്തെ ജനങ്ങള്‍മൊത്തം വിചാരിച്ചാലും അന്‍വറിനെ കീഴടക്കാനാകില്ല, അന്‍വര്‍ പറഞ്ഞു.

വിപ്ലവം ഉണ്ടാകുന്നത് എഴുതിവെച്ച് സംഘടന ഉണ്ടാക്കിയിട്ടല്ല. അതൊരു ജനകീയ മുന്നേറ്റമായി, വിപ്ലവമായി മാറുകയാണ് ചെയ്യുക. ഈ അഴിമതിക്കും അക്രമത്തിനും എതിരെ ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരു സര്‍ക്കാരിനെതിരായ ലോബിക്കെതിരെയുള്ള വിപ്ലവമായി മാറും. അത് കൊട്ടാര വിപ്ലവമാണോ കുടില്‍ വിപ്ലവമാണോ എന്ന് നോക്കാം. താന്‍ നല്‍കിയത് സൂചനാ തെളിവുകളാണ്. അത് അന്വേഷിക്കേണ്ടത് ഏജന്‍സികളാണ്. എനിക്ക് ഇവരെ ജയിലിലാക്കാന്‍ കഴിയില്ല. എല്ലാത്തിനും നടപടിക്രമമുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥരായിരിക്കണം ഈ കേസ് അന്വേഷിക്കേണ്ടത്. അല്ലെങ്കില്‍ താന്‍ കള്ളനായിപ്പോകുമെന്നും അന്‍വര്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: