കൊച്ചി: പീഡനക്കേസില്‍ നടനും എം.എല്‍.എ.യുമായ മുകേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വീണ്ടും വാദം തുടരും. നടന്മാരായ മണിയന്‍പിള്ള രാജു, ഇടവേള ബാബു, ലോയേഴ്സ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.എസ്. ചന്ദ്രശേഖരന്‍ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇതിനൊപ്പം വാദം തുടരും.
സാമൂഹികമാധ്യമങ്ങളില്‍ ‘ആറാട്ടണ്ണന്‍’ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയും മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്. ഇത് ആറിന് പരിഗണിക്കാന്‍ മാറ്റി.
നടന്മാര്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന പരാതിയില്‍ പ്രതികളുടെ അറസ്റ്റ് ഉടനില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതി നടപടികള്‍ പരിഗണിച്ചായിരിക്കും ചോദ്യം ചെയ്യലടക്കമുണ്ടാവുകയെന്നും അന്വേഷണ ഉദ്യോഗസ്ഥ എ.ഐ.ജി. ജി. പൂങ്കുഴലി പറഞ്ഞു.
സ്ത്രീകള്‍ ഉന്നയിച്ച പരാതികളില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള സംഭവമായതിനാല്‍ ഒരുപാട് കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. ചെയ്യാന്‍ സാധിക്കുമെന്നാണ് വിശ്വാസം. കേസിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതായും അവര്‍ വ്യക്തമാക്കി.
നടന്മാരായ മുകേഷ്, ഇടവേള ബാബു, അഡ്വ. വി.എസ്. ചന്ദ്രശേഖരന്‍ എന്നിവരുടെ പേരില്‍ ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിന് നടന്‍ മണിയന്‍പിള്ള രാജു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ വിച്ചു, നോബിള്‍ എന്നിവരുടെ പേരിലും കേസുണ്ട്.