IndiaNEWS

കൊടുംചൂടില്‍ കുഴഞ്ഞുവീണു; എക്‌സൈസ് കോണ്‍സ്റ്റബിള്‍ ശാരീരികക്ഷമതാ പരീക്ഷയ്ക്കിടെ 11 ഉദ്യോഗാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

റാഞ്ചി: എക്‌സൈസ് സേനയില്‍ ചേരാനുള്ള ശാരീരികക്ഷമതാ പരീക്ഷയ്ക്കിടെ 11 ഉദ്യോഗാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ജാര്‍ഖണ്ഡിലെ എക്സൈസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ നടന്ന ടെസ്റ്റിനിടെയായിരുന്നു സംഭവം.

10 കി.മീ ദൂരം ഓട്ടമായിരുന്നു കായികക്ഷമതാ പരീക്ഷയിലെ ഒരു ഇനം. കടുത്ത ചൂടില്‍ ഇത്രയേറെ ദൂരം ഓടിയ ഉദ്യോഗാര്‍ഥികളില്‍ പലരും കുഴഞ്ഞുവീഴുകയും 11 പേര്‍ മരിക്കുകയുമായിരുന്നു. 100ലേറെ ഉദ്യോഗാര്‍ഥികളാണ് ഓട്ടത്തിനിടെ കുഴഞ്ഞുവീണത്. കടുത്ത ചൂടില്‍ മണിക്കൂറുകളോളം വരിനിന്നതും ആരോഗ്യാവസ്ഥ മോശമാക്കി.

Signature-ad

ആഗസ്റ്റ് 22 മുതല്‍ റാഞ്ചി, ഗിരിദിഹ്, ഹസാരിബാഗ്, പലാമു, ഈസ്റ്റ് സിങ്ഭും, സാഹേബ്ഗഞ്ച് ജില്ലകളിലെ ഏഴ് കേന്ദ്രങ്ങളിലാണ് ഫിസിക്കല്‍ ടെസ്റ്റ് നടന്നുവരുന്നത്. ഇതില്‍ പലാമുവില്‍ നാലു പേരും ഗിരിദിഹിലും ഹസാരിബാഗിലും രണ്ടു വീതം പേരും റാഞ്ചിയിലെ ജാഗുവാര്‍ സെന്റര്‍, ഈസ്റ്റ് സിങ്ഭുമിലെ മൊസാബാനി, സാഹേബ്ഗഞ്ച് എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് മരിച്ചതെന്ന് ഓപറേഷന്‍സ് വിഭാഗം ഐ.ജി അമോല്‍ വി. ഹോംകര്‍ അറിയിച്ചു.

സംഭവത്തില്‍, അസ്വാഭാവിക മരണത്തിന് കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഐ.ജി പറഞ്ഞു. എല്ലാ കേന്ദ്രങ്ങളിലും മെഡിക്കല്‍ ടീമുകള്‍, മരുന്നുകള്‍, ആംബുലന്‍സ്, മൊബൈല്‍ ടോയ്ലറ്റുകള്‍, കുടിവെള്ളം എന്നിവ ഉള്‍പ്പെടെ മതിയായ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും ഹോംകര്‍ പറഞ്ഞു.

ആഗസ്റ്റ് 30 വരെ ആകെ 1,27,772 ഉദ്യോഗാര്‍ഥികള്‍ ഫിസിക്കല്‍ ടെസ്റ്റിന് ഹാജരായതായും അതില്‍ 78,023 പേര്‍ വിജയിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, മരണത്തിന് കാരണം അധികൃതരുടെ വീഴ്ചയാണെന്ന് ആരോപിച്ച് ബി.ജെ.പി യുവമോര്‍ച്ച രംഗത്തെത്തി. റാഞ്ചിയിലെ ആല്‍ബെര്‍ട്ട് എക്ക ചൗക്കില്‍ അവര്‍ പ്രതിഷേധം പ്രകടനം സംഘടിപ്പിക്കുകയും ചെയ്തു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: