IndiaNEWS

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: രണ്ട് പേര്‍ കൊല്ലപ്പെട്ടു, പത്തു പേര്‍ക്ക് പരിക്ക്, ഡ്രോണ്‍ ഉപയോഗിച്ചും ആക്രമണം

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാരും ഒരു മാദ്ധ്യമപ്രവര്‍ത്തകനുമുള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്ക്. വെടിവയ്പും സ്ഫോടനവും ഉണ്ടാകുകയായിരുന്നു. വെസ്റ്റ് ഇംഫാല്‍ ജില്ലയിലുണ്ടായ വെടിവയ്പില്‍ സുര്‍ബല എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ 12 വയസുള്ള മകള്‍ ചികിത്സയിലാണ്. ഇംഫാലിലെ കൗത്രുകിലാണ് ആക്രമണമുണ്ടായത്. കുക്കി വിഭാഗം ഹൈടെക് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രണമണം നടത്തിയെന്നാണ് കരുതുന്നത്.

ആയുധങ്ങള്‍ വഹിച്ച ഡ്രോണ്‍ കണ്ടതായും ഡ്രോണ്‍ ബോംബില്‍ നിന്നുള്ള ചീളുകള്‍ ഒരു പൊലീസുകാരന്റെ കാലില്‍ തട്ടിയതായും പൊലീസ് അറിയിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് 2.30ഓടെ പലയിടത്തും വെടിവയ്പ്പ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഡ്രോണുകള്‍ ഉപയോഗിച്ച് ബോംബുകള്‍ വര്‍ഷിച്ചെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ജനവാസ മേഖലയില്‍ ഡ്രോണുകള്‍ ഉപയോഗിച്ചു ബോംബെറിഞ്ഞതു സ്ഥിതി ഗുരുതരമാക്കിയേക്കും.

Signature-ad

ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഡ്രോണ്‍ വീടിന് മുകളില്‍ ബോംബിടുന്നതിന്റേയും വീട്ടുകാര്‍ പ്രാണരക്ഷാര്‍ത്ഥം ഓടുന്നതിന്റേയും ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഗ്രാമവാസികള്‍ പറഞ്ഞു. ഒരു വീട് പൂര്‍ണമായും തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. സാങ്കേതിക വൈദഗ്ദ്ധ്യവും പിന്തുണയുമുള്ള ഉയര്‍ന്ന പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ പങ്കാളിത്തം തള്ളിക്കളയാനാവില്ലെന്ന് പൊലീസ് പറഞ്ഞു.

കദംഗ്ബന്ദിലെ വീടുകള്‍ക്ക് കാവല്‍ നിന്നിരുന്ന ചിലര്‍ പ്രത്യാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, സുരക്ഷാസേന ഇതുവരെ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: