NEWSSocial Media

‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം’; ആരോപണങ്ങള്‍ വ്യാജമെന്ന് ജയസൂര്യ

നിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ വ്യാജമെന്ന് നടന്‍ ജയസൂര്യ. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തനിക്കെതിരെ ഉയര്‍ന്ന പീഡനാരോപണങ്ങള്‍ തന്നെയും തകര്‍ത്തു. ഇനിയുള്ള കാര്യങ്ങള്‍ നിയമ വിദഗ്ധര്‍ തീരുമാനിക്കും. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയെന്നും ജയസൂര്യ പറയുന്നു.

2008, 2013 വര്‍ഷങ്ങളില്‍ സിനിമാ സെറ്റില്‍വെച്ച് രണ്ട് നടിമാരോട് മോശമായി പെരുമാറിയെന്ന കാരണങ്ങളില്‍ രണ്ട് കേസുകളാണ് ജയസൂര്യക്കെതിരെയുള്ളത്. ഈ സാഹചര്യത്തിലാണ് പിറന്നാള്‍ ദിവസമായ ഞായറാഴ്ച വിശദീകരണക്കുറിപ്പുമായി അദ്ദേഹം രംഗത്തെത്തിയത്. വ്യക്തിപരമായ ചില അത്യാവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരുമാസമായി കുടുംബസമേതം അമേരിക്കയിലാണെന്നും ഇതിനിടയിലാണ് അപ്രതീക്ഷിതമായി രണ്ട് വ്യാജ പീഡനാരോപണങ്ങളുണ്ടാവുന്നതെന്നും താരം പറഞ്ഞു. ആരോപണങ്ങള്‍ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Signature-ad

‘ആര്‍ക്കും ഇത്തരം വ്യാജ ആരോപണങ്ങള്‍ ആര്‍ക്കുനേരെയും, എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാം. മനസാക്ഷി ഇത്തിരിപോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും എന്ന് ഓര്‍ക്കുന്നത് നന്ന്. സത്യം ചെരിപ്പ് ധരിക്കുമ്പോഴേയ്ക്കും നുണ ലോകസഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണ്.

ഇവിടത്തെ ജോലികള്‍ കഴിഞ്ഞ ഉടന്‍ ഞാന്‍ തിരിച്ചെത്തും നിരപരാധിത്വം തെളിയാന്‍ ഉള്ള നിയമപോരാട്ടം തുടരും. നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു. ഈ ജന്മദിവം ഏറ്റവും ദുഃഖപൂര്‍ണമാക്കിയതിന്, അതില്‍ പങ്കാളിയായവര്‍ക്ക് നന്ദി. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ… പാപികളുടെ നേരെ മാത്രം.’ ജയസൂര്യ കുറിച്ചു.

2008-ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനംചെയ്ത ചിത്രത്തിന്റെ സെക്രട്ടേറിയറ്റിലെ സെറ്റില്‍ വച്ച് ജയസൂര്യ കടന്നുപിടിച്ചതായാണ് ഒരു നടിയുടെ ആരോപണം. 2013 ല്‍ തൊടുപുഴയിലെ സിനിമാസെറ്റില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് താരത്തിനെതിരെയുള്ള മറ്റൊരു പരാതി. സെക്ഷന്‍ 354,354 എ, 509 എന്നീ വകുപ്പുകളാണ് ജയസൂര്യക്കെതിരെ ചുമത്തിയിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: