NEWSSports

ബി.സി.സി.ഐയെ ഭരിക്കാന്‍ പുതിയ ‘അടുത്തപുത്രന്‍’? ജയ് ഷായ്ക്കു പകരക്കാരനായി എത്തുമോ രോഹന്‍ ജെയ്റ്റ്‌ലി?

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്തേക്ക് വീണ്ടും ബി.ജെ.പിയുടെ ‘ബന്ധുനിയമന’മെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി ജയ് ഷായ്ക്കു പകരക്കാരനായാണു പുതിയയാള്‍ എത്തുന്നത്. കേന്ദ്ര ധനമന്ത്രിയും തലമുതിര്‍ന്ന ബി.ജെ.പി നേതാവുമായിരുന്ന അന്തരിച്ച അരുണ്‍ ജെയ്റ്റ്ലിയുടെ മകന്‍ രോഹന്‍ ജെയ്റ്റ്ലി പുതിയ ബി.സി.സി.ഐ സെക്രട്ടറിയായി സ്ഥാനത്തെത്തുമെന്നാണു വിവരം. ഹിന്ദി മാധ്യമമായ ‘ദൈനിക് ഭാസ്‌കര്‍’ ആണ് ബോര്‍ഡ് വൃത്തങ്ങളെ ഉദ്ധരിച്ചു വിവരം പുറത്തുവിട്ടിരിക്കുന്നത്.

ജയ് ഷാ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍(ഐ.സി.സി) ചെയര്‍മാനായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണു പകരക്കാരന്‍ ആരാകുമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. നിലവിലെ ഐ.സി.സി ചെയര്‍മാന്‍ ന്യൂസിലന്‍ഡുകാരനായ ഗ്രെഗ് ബാര്‍ക്ലേയുടെ കാലാവധി 2024 നവംബര്‍ 30ന് അവസാനിക്കാനിരിക്കുകയാണ്. ഐ.സി.സി തലപ്പത്ത് രണ്ടാമൂഴമാണിത് ബാര്‍ക്ലേയ്ക്ക്. ഇനിയും പദവിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നു കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Signature-ad

ഇതിനു പിന്നാലെയാണ് ജയ് ഷാ ഐ.സി.സി നേതൃത്വം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതേക്കുറിച്ച് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. എന്നാല്‍, പുതിയ സെക്രട്ടറിക്കായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് ഇത്തരമൊരു നീക്കത്തിന്റെ തെളിവായാണു വിലയിരുത്തപ്പെടുന്നത്. എന്തായാലും, ജയ് ഷാ മത്സരിക്കുമോ എന്ന കാര്യം നാളെത്തോടെ തീരുമാനമാകും. ആഗസ്റ്റ് 27 ആണ് ഐ.സി.സി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി.

ജയ് ഷാ ഐ.സി.സിയിലേക്കു മാറിയാല്‍ ബി.സി.സി.ഐയില്‍ പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട്. ഇതിലേക്കാണ് അരുണ്‍ ജെയ്റ്റ്ലിയുടെ മകന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നത്. രോഹന്‍ ജെയ്റ്റ്ലിയുടെ കാര്യത്തില്‍ ഏറെക്കുറെ ധാരണയായതായി ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍(ഡി.ഡി.സി.എ) അധ്യക്ഷനാണ് രോഹന്‍ ജെയ്റ്റ്ലി. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനെ നയിച്ചുള്ള പാരമ്പര്യം അരുണ്‍ ജെയ്റ്റ്ലിക്കുമുണ്ട്.

അതേസമയം, സെക്രട്ടറി സ്ഥാനത്തേക്ക് വേറെയും പേരുകള്‍ ഉയരുന്നുണ്ട്. കോണ്‍ഗ്രസ് രാജ്യസഭാ അംഗവും മുന്‍ ഐ.പി.എല്‍ ചെയര്‍മാനുമായ രാജീവ് ശുക്ല, മഹാരാഷ്ട്ര നിയമസഭാ അംഗവും ബി.ജെ.പി നേതാവുമായ ആശിഷ് ഷെലാര്‍, മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ എന്നിവരാണ് ഇതില്‍ പ്രമുഖര്‍. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അഭിഷേക് ഡാല്‍മിയ പുതിയ സെക്രട്ടറിയാകുമെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വര്‍ഷങ്ങളോളം ഇന്ത്യന്‍ ക്രിക്കറ്റിനെ അടക്കിവാണിരുന്ന മുന്‍ ബി.സി.സി.ഐ അധ്യക്ഷന്‍ ജഗ്മോഹന്‍ ഡാല്‍മിയയുടെ മകന്‍ കൂടിയാണ് അഭിഷേക്. പഞ്ചാബ് ക്രിക്കറ്റ് ബോര്‍ഡിലെ ദില്‍ഷേര്‍ ഖന്ന, ഗോവയിലെ വിപുല്‍ ഫാഡ്കെ, ചത്തിസ്ഗഢിലെ പ്രഭ്തേജ് ഭാട്ടിയ എന്നിങ്ങനെ വേറെയും പോകുന്നു പേരുകള്‍.

ഏതായാലും, ജയ് ഷായുടെ മാറ്റത്തിനനുസരിച്ചാകും ബി.സി.സി.ഐയിലെ കാര്യങ്ങള്‍ തീരുമാനിക്കുക. തെരഞ്ഞെടുപ്പില്‍ വിജയം നേടാനായാല്‍ ഐ.സി.സി അധ്യക്ഷനാകുന്ന ഏറ്റവും പ്രായംകുറഞ്ഞയാളാകും 35കാരനായ ജയ് ഷാ. ഈ പദവിയിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനുമാകും. ഇതിനുമുന്‍പ് ജഗ്മോഹന്‍ ഡാല്‍മിയയും എന്‍.സി.പി തലവന്‍ ശരത് പവാറും ഇന്ത്യ സിമന്റ്സ് മാനേജിങ് ഡയരക്ടറും മുന്‍ ബി.സി.സി.ഐ അധ്യക്ഷനുമായ എന്‍. ശ്രീനിവാസന്‍, മുതിര്‍ന്ന അഭിഭാഷകനും മുന്‍ ബി.സി.സി.ഐ അധ്യക്ഷനുമായ ശശാങ്ക് മനോഹര്‍ എന്നിവരാണ് ഇതിനുമുന്‍പ് ഐ.സി.സി തലപ്പത്തിരുന്ന ഇന്ത്യക്കാര്‍.

 

Back to top button
error: