CrimeNEWS

ആദ്യം കാരറ്റ് വാരിത്തിന്നു, വാങ്ങിയ ശേഷം പണം കൊടുത്തില്ല; ചോദ്യം ചെയ്തത് ഇഷ്ടമാകാതെ കടയുടമയെ വെട്ടിക്കൊന്നു

പത്തനംതിട്ട: പച്ചക്കറി കടയിലെത്തി കാരറ്റ് വാരിത്തിന്നുകയും എതിര്‍ത്തപ്പോള്‍ കൂറച്ച് തൂക്കി വാങ്ങി പണം കൊടുക്കാതെ പോയത് ചോദ്യംചെയ്യുകയും ചെയ്തതിലുള്ള വിരോധമാണ് റാന്നിയില്‍ പച്ചക്കറി വ്യാപാരിയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ്. അങ്ങാടി എസ്ബിഐക്ക് മുന്നില്‍ പച്ചക്കറി കട നടത്തുന്ന ചേത്തയ്ക്കല്‍ സ്വദേശി അനില്‍കുമാര്‍ (45) ആണ് കൊല്ലപ്പെട്ടത്. കടയിലെ ജീവനക്കാരി തമിഴ്‌നാട് സ്വദേശി മഹാലക്ഷ്മിക്കും വെട്ടേറ്റു. പ്രതികളായ ഇടത്തന്‍ എന്നു വിളിക്കുന്ന പ്രദീപ് കുമാര്‍, അയല്‍വാസി രവീന്ദ്രന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി 9.30 നാണ് സംഭവങ്ങളുടെ തുടക്കം. മദ്യലഹരിയിലായിരുന്ന പ്രദീപും രവീന്ദ്രനും പച്ചക്കറി കടയില്‍ എത്തി കാരറ്റ് എടുത്തു തിന്നു. രണ്ടു തവണ എടുത്തപ്പോള്‍ ജീവനക്കാരി മഹാലക്ഷ്മി തടഞ്ഞു. കാരറ്റിന് വലിയ വിലയാണെന്നും വേണമെങ്കില്‍ വാങ്ങിത്തിന്നോളാനും പറഞ്ഞു. തുടര്‍ന്ന് പ്രതികള്‍ കാല്‍കിലോ കാരറ്റ് വാങ്ങി. എന്നാല്‍, പണം നല്‍കാന്‍ തയാറായില്ല.

Signature-ad

മഹാലക്ഷ്മിയും കടയിലുണ്ടായിരുന്ന ബംഗാളിയായ ജീവനക്കാരനും പണം ആവശ്യപ്പെട്ട് ഇവരോട് തര്‍ക്കിച്ചു ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. പണം നല്‍കാതെ ഇരുവരും മൂന്നു കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് പോവുകയും വടിവാളുമായി തിരിച്ചു വരികയുമായിരുന്നു. രാത്രി 9.55 ന് കടയില്‍ എത്തിയ ഇവര്‍ ആദ്യം മഹാലക്ഷ്മിയെ വെട്ടി. അവരുടെ കൈക്ക് വെട്ടേറ്റു. ജീവനക്കാരിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് കണ്ട് തടസം പിടിക്കാന്‍ ചെന്ന അനിലിനെ ഇരുവരും ചേര്‍ന്ന് കടയ്ക്ക് പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി വെട്ടിക്കൊല്ലുകയായിരുന്നു.

പ്രദീപ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസിന് സൂചന ലഭിച്ചു. എന്നാല്‍, താന്‍ മുന്‍പ് ഒരു കേസിലും പ്രതിയല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രദീപ്. രണ്ടു പേരും പോലീസ് കസ്റ്റഡിയിലാണ്. മൃതദേഹം റാന്നി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: