KeralaNEWS

സഹകരണ സൊസൈറ്റിയില്‍ 10 കോടിയുടെ തട്ടിപ്പ്; ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

തിരുവനന്തപുരം: നിക്ഷേപകരുടെ 10 കോടിയിലധികം വരുന്ന തുക തട്ടിയെന്ന പരാതിയില്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തകരപ്പറമ്പിലുള്ള തിരുവിതാംകൂര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 11 ബോര്‍ഡ് അംഗങ്ങളുടെ പേരിലാണ് കേസ്.

ബിജെപി നേതാക്കളാണ് സംഘത്തിന്റെ ബോര്‍ഡിലുള്ളത്. മൂന്ന് കേസുകളാണ് പരാതിയില്‍ പൊലീസ് എടുത്തത്. അഡ്മിനിസ്ട്രേറ്റര്‍ ഭരണമാണ് നിലവില്‍ സൊസൈറ്റിലെന്നും ബോര്‍ഡംഗങ്ങള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

Signature-ad

100 ലധികം പേര്‍ക്കാണ് പണം തിരികെ കിട്ടാനുള്ളത്. പലതവണ സൊസൈറ്റിയുമായി ബന്ധപ്പെട്ടെങ്കിലും പണം ലഭിച്ചില്ലെന്നാണ് നിക്ഷേപകരുടെ പരാതിയില്‍ പറയുന്നത്.

സൊസൈറ്റിക്കു ആറ്റുകാലിലും ശാഖയുണ്ട്. പ്രധാന ഓഫീസും ശാഖയും പൂട്ടിയ നിലയിലാണ്. പത്ത് കോടിക്കു മുകളില്‍ നിക്ഷേപകര്‍ക്കു നല്‍കാനുണ്ടെന്നാണ് വിവരമെന്നും കണക്കെടുക്കാന്‍ താമസിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

സൊസൈറ്റി പ്രസിഡന്റ് ഒന്നാം പ്രതിയും സെക്രട്ടറി രണ്ടാം പ്രതിയുമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ 85 പേരാണ് പരാതി നല്‍കിയത്. ഇതില്‍ മൂന്ന് പേരുടെ പരാതിയില്‍ ഇന്നലെയോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സ്റ്റാച്യു സ്വദേശി ടി സുധാദേവിയുടെ പരാതിയിലാണ് ആദ്യം കേസെടുത്തത്. ഇവര്‍ക്ക് 85 ലക്ഷം രൂപ നഷ്ടമായി. കഴിഞ്ഞ ഏപ്രില്‍ 28നു നിക്ഷേപത്തിന്റെ കാലാവധി പൂര്‍ത്തിയായെങ്കിലും പണം നല്‍കിയില്ല. വഞ്ചിയൂര്‍ ചിറക്കുളം സ്വദേശി വിഎസ് ദിവ്യയുടെ 4.70 ലക്ഷം രൂപ നഷ്ടമായെന്നാണ് പരാതി. വെള്ളനാട് സ്വദേശി ദിനചന്ദ്രനു 20 ലക്ഷം രൂപയാണ് നഷ്ടമായത്. 50 ലക്ഷം രൂപ മുതല്‍ നിക്ഷേപിച്ചിട്ടുള്ളവര്‍ തട്ടിപ്പിനു ഇരയായിട്ടുണ്ടെന്നാണ് വിവരം. പെന്‍ഷന്‍ പറ്റിയവരാണ് നിക്ഷേപകരില്‍ കൂടുതല്‍.

കേസ് ക്രൈം ബ്രാഞ്ചിനു വിട്ടേക്കും. സാമ്പത്തിക കുറ്റാന്വേഷണ വിഭാത്തിനായിരിക്കും കൈമാറുക. ഇതു ചൂണ്ടിക്കാട്ടി ഫോര്‍ട്ട് പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: