കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ താര സംഘടനയായ ‘അമ്മ’യ്ക്കുള്ളില്‍ ഭിന്നത തുടരുന്നു. നടനും ‘അമ്മ’ വൈസ് പ്രസിഡന്റുമായ ജഗദീഷിന്റെ നിലപാടിനെ പിന്തുണച്ച് കൂടുതല്‍ ഭാരവാഹികള്‍ മുന്നോട്ട് വരുമെന്നാണ് സൂചന.
വേട്ടക്കാര്‍ ആരായാലും പേരുകള്‍ പുറത്ത് വരണമെന്നും അഴിക്കുള്ളില്‍ ആകണമെന്നും ‘അമ്മ’ എക്‌സിക്യൂട്ടീവ് അംഗവും നടിയുമായ അന്‍സിബ ഹസന്‍ പറഞ്ഞു. ബംഗാളി നടിയുടെ ആരോപണത്തില്‍ ഇരയുടെ ഒപ്പം നില്‍ക്കുമന്നും തെളിവുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടി വേണമെന്നും അന്‍സിബ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
കൃത്യമായ തെളിവുണ്ടെങ്കില്‍ ആരായാലും ശക്തമായ നടപടിയെടുക്കണമെന്ന് നടിയും അമ്മ എക്‌സിക്യൂട്ടീവ് അംഗവുമായ അന്‍സിബ പ്രതികരിച്ചു. ഇരയുടെ കൂടെ നില്‍ക്കണമെന്ന് മാത്രമേ ചിന്തിക്കുകയുള്ളു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്രയും സ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ വസ്തുതയുണ്ടാകും. റിപ്പോര്‍ട്ട് ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ വേട്ടക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.
തൊഴിലിടത്ത് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മോശം മെസേജ് അയച്ചൊരാള്‍ക്ക് ചുട്ട മറുപടി കൊടുത്തു. മറുപടിയില്‍ വിഷയം അവസാനിപ്പിച്ചുവെന്നും പരാതിപ്പെടാന്‍ പോയില്ലെന്നും അന്‍സിബ കൂട്ടിച്ചേര്‍ക്കുന്നു.