KeralaNEWS

ഷൂട്ടിങ്ങിനിടെ പരിക്കേറ്റു, 5.75 കോടി നഷ്ടപരിഹാരം വേണം; മഞ്ജുവിന്് നടി ശീതള്‍ തമ്പിയുടെ വക്കീല്‍ നോട്ടീസ്

കൊച്ചി: ഷൂട്ടിങ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി നടിയും നിര്‍മാണ പങ്കാളിയുമായ മഞ്ജു വാര്യര്‍ക്ക് നടി ശീതള്‍ തമ്പിയുടെ വക്കീല്‍ നോട്ടീസ്. ‘ഫൂട്ടേജ്’ എന്ന സിനിമാ ചിത്രീകരണത്തിനിടെ ശീതളിന് പരിക്കേറ്റിരുന്നു. ഇത് മതിയായ സുരക്ഷയൊരുക്കാത്തതിനെ തുടര്‍ന്നാണെന്നും 5.75 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസയച്ചത്.

‘ഫൂട്ടേജ്’ സിനിമ നിര്‍മിച്ച മൂവീ ബക്കറ്റ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ പാര്‍ട്ണര്‍ ആണ് മഞ്ജു വാര്യര്‍. മഞ്ജു നായികയായ പുതിയ ചിത്രമായ ഫൂട്ടേജിന്റെ ചിത്രീകരണത്തിനിടെ ശീതളിന് പരിക്കേറ്റിരുന്നു. ഉയര്‍ന്ന ഭാഗത്തുനിന്ന് താഴേക്കു ചാടുന്ന ഷോട്ട് ആവര്‍ത്തിച്ച് എടുക്കാന്‍ നിര്‍ബന്ധിച്ചെന്നും എന്നാല്‍ അടിയില്‍ ഇട്ടിരുന്ന ഫോംബെഡ്ഡിന് മതിയായ കട്ടിയുണ്ടായിരുന്നില്ലെന്ന് അണിയറപ്രവര്‍ത്തകരെ അറിയിച്ചിരുന്നെന്നും ശീതള്‍ പറയുന്നു.

Signature-ad

പക്ഷേ, തന്നെ നിര്‍ബന്ധിച്ച് ചാടിക്കുകയും അവസാനത്തെ ഷോട്ടിനിടെ കാര്യമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റതിനു പിന്നാലെ ആംബുലന്‍സ് പോലും ഒരുക്കാതെ കാട്ടിലൂടെ പുറത്തെത്തിക്കുകയും ചെയ്തു. ഇതില്‍ പരിക്ക് ഗുരുതരമാവുകയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലടക്കം ചികിത്സ തേടുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ആശുപത്രിയില്‍ വലിയ തുക ചെലവായി. എന്നാല്‍ പിന്നീടും നിരന്തരം ആരോഗ്യപ്രശ്‌നങ്ങളുണ്ടായി.

ചികിത്സാസമയത്ത് കുറച്ചൊക്കെ ധനസഹായം നല്‍കിയെങ്കിലും പിന്നീട് ദൈനംദിന ജീവിതത്തെ പോലും ബാധിക്കുന്ന രീതിയില്‍ ഈ പരിക്ക് മാറി. ഇപ്പോഴും വേണ്ടത്ര സുഖംപ്രാപിച്ചിട്ടില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നഷ്ടപരിഹാരത്തിനായി സംസാരിച്ചപ്പോള്‍ സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുത്താല്‍ സഹായിക്കാം എന്നായിരുന്നു മറുപടി. ഇതനുസരിച്ച് പ്രമോഷന്‍ പരിപാടികള്‍ പങ്കെടുത്തെങ്കിലും പിന്നീട് യാതൊരു അനുകൂല പ്രതികരണവും ഉണ്ടായില്ലെന്നാണ് നടി ആരോപിക്കുന്നത്.

മതിയായ സുരക്ഷയൊരുക്കിയിരുന്നെങ്കില്‍ ഇത്തരത്തില്‍ പരിക്കേല്‍ക്കുമായിരുന്നില്ലെന്നും അതിനാല്‍ തുടര്‍ചികിത്സയ്ക്കും ദൈനംദിന ജീവിതാവശ്യങ്ങള്‍ക്കുമായി 5.75 കോടി നഷ്ടപരിഹാരം വേണം എന്നുമാവശ്യപ്പെട്ടാണ് അഡ്വ. രഞ്ജിത് മാരാര്‍ മുഖേന വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടികളുണ്ടാവുമെന്നും നടി ചൂണ്ടിക്കാട്ടുന്നു.

 

Back to top button
error: