CrimeNEWS

സംവിധായകന്‍ കതകില്‍ മുട്ടി, മുറി തുറക്കാത്ത വിരോധംമൂലം സിനിമയിലെ രംഗങ്ങള്‍ വെട്ടിച്ചുരുക്കി, പ്രതിഫലം നല്‍കിയില്ല; പരാതിയുമായി നടി

കൊച്ചി: സിനിമാ സംവിധായകന്‍ കതകില്‍ മുട്ടിയെന്ന വെളിപ്പെടുത്തലുമായി നടി. 2006 ല്‍ ഉണ്ടായ ദുരനുഭവമാണ് നടി വെളിപ്പെടുത്തിയത്. കതകു തുറക്കാത്തതിലെ വിരോധം കാരണം സിനിമയിലെ രംഗങ്ങള്‍ വെട്ടിച്ചുരുക്കി. ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും നായികനടി ചൂണ്ടിക്കാട്ടുന്നു. ലൈംഗികാതിക്രമ ശ്രമവും പ്രതിഫലവും നല്‍കാത്തതും സൂചിപ്പിച്ച് നടി 2018 ല്‍ താരസംഘടനയായ അമ്മയില്‍ പരാതി നല്‍കി.

ഷൂട്ടിങ്ങിനോട് അനുബന്ധിച്ച് താമസിച്ചിരുന്ന ഹോട്ടലിന്റെ വാതിലില്‍ അര്‍ധരാത്രിയോടെ മുട്ടുകയായിരുന്നു. മൂന്നുനാലു ദിവസം ഇത് ആവര്‍ത്തിച്ചു. ആരാണ് തന്റെ മുറിയുടെ വാതിലില്‍ മുട്ടുന്നതെന്ന് ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ച് ചോദിച്ചു. ചിത്രത്തിന്റെ സംവിധായകനാണ് വാതിലില്‍ മുട്ടിയതെന്നാണ് ഹോട്ടല്‍ റിസപ്ഷനില്‍ നിന്നും അറിയിച്ചതെന്നും നടി പരാതിയില്‍ പറയുന്നു.

Signature-ad

ഇതേത്തുടര്‍ന്ന് തൊട്ടടുത്ത ഫ്ലാറ്റില്‍ താമസിച്ചിരുന്ന, ചിത്രത്തില്‍ ഒപ്പം അഭിനയിച്ചുകൊണ്ടിരുന്ന നടനോട് കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ സഹായത്തോടെ ആ ഫ്ലാറ്റിലേക്ക് മാറിയാണ് രക്ഷപ്പെട്ടത്. ഈ സംഭവത്തിന് പുറമെ, താന്‍ അഭിനയിച്ച രണ്ടു ചിത്രങ്ങള്‍ക്ക് പ്രതിഫലം ലഭിച്ചില്ലെന്നും നടി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആദ്യ സിനിമയില്‍ പുതുമുഖമായതിനാല്‍, അമ്മയെ പരാതിയുമായി സമീപിച്ചപ്പോള്‍, ഇപ്പോള്‍ പരാതിയുമായി പോയാല്‍ കരിയറിനെ ബാധിക്കുമെന്നും അതിനാല്‍ സിനിമയുമായി സഹകരിക്കാനാണ് നിര്‍ദേശം ലഭിച്ചതെന്നും നടി പറയുന്നു.

ഇതേത്തുടര്‍ന്ന് പരാതിയുമായി മുന്നോട്ടുപോയില്ല. അടുത്ത സിനിമയിലും പറഞ്ഞുറപ്പിച്ച പ്രതിഫലം തരാന്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് ഇടയ്ക്ക് വെച്ച് ഷൂട്ടിങ്ങിന് പോയില്ല. ഇതോടെ ചിത്രീകരണം മുടങ്ങുമെന്നായതോടെ പകുതി പ്രതിഫലം നല്‍കി. ബാക്കി പണം ഇതുവരെ കിട്ടിയില്ലെന്നും നടി പറയുന്നു. ആദ്യ സിനിമയിലെ അഭിനയച്ചിന് ചില്ലിക്കാശ് പോലും നല്‍കിയിട്ടില്ല എന്നും നടി പറയുന്നു.

കതകില്‍ മുട്ടിയപ്പോള്‍ തുറക്കാത്തതുമൂലം ആ സിനിമയുടെ സംവിധായകന്‍ പ്രതികാരബുദ്ധിയോടെയാണ് സെറ്റില്‍ തന്നോട് പെരുമാറിയത്. സീനുകള്‍ വിശദീകരിച്ചു നല്‍കാനോ, മുഖത്തു നോക്കാനോ പോലും കൂട്ടാക്കിയില്ല എന്നും നടി പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ, നടി ഈ മാസം 20 ന് താന്‍ മുമ്പു നല്‍കിയ പരാതിയുടെ കാര്യം ഒര്‍മ്മിപ്പിച്ച് വീണ്ടും കുറിപ്പു നല്‍കി. ശക്തരായ നടീനടന്മാര്‍ക്ക് വേണ്ടി മാത്രമാണോ അമ്മ സംഘടന നിലകൊള്ളുന്നതെന്നും പരാതിയില്‍ നടി ചോദിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: