CrimeNEWS

അതിജീവിതയ്ക്ക് രണ്ടാമത്തെ കുഞ്ഞ്! ബലാത്സംഗക്കേസ് റദ്ദാക്കി കോടതി

ചെന്നൈ: ആദ്യകുഞ്ഞിന്റെ സംരക്ഷണത്തെക്കുറിച്ചുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടെ അതിജീവിതയ്ക്ക് രണ്ടാമത്തെ കുഞ്ഞു പിറന്നു. ഇതേത്തുടര്‍ന്ന് കുഞ്ഞിന്റെ അച്ഛനെതിരായ ബലാത്സംഗക്കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ‘യുദ്ധത്തിലും പ്രണയത്തിലും നിയമങ്ങളൊന്നുമില്ല’എന്നു പറഞ്ഞാണ് ജസ്റ്റിസ് എന്‍. ശേഷസായി പ്രതിയെ കുറ്റവിമുക്തനാക്കിയത്.

കടലൂര്‍ സ്വദേശിയായ അവിവാഹിതയായ യുവതി ഗര്‍ഭിണിയായതോടെയാണ് ഇവരുമായി ബന്ധമുണ്ടായിരുന്ന യുവാവിനെതിരേ 2014-ല്‍ ബലാത്സംഗക്കേസ് വന്നത്. ഡി.എന്‍.എ. പരിശോധനയില്‍ കുട്ടി പ്രതിയുടേതെന്നു തെളിഞ്ഞു. കടലൂരിലെ മഹിളാ സെഷന്‍സ് കോടതി 2015-ല്‍ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ് വിധിച്ചു. ഇതിനെതിരേ 2017-ല്‍ പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അതിജീവിതയുമായി താന്‍ പലതവണ ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒരിക്കല്‍പ്പോലും അവര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടില്ലെന്നുമായിരുന്നു പ്രതിയുടെ വാദം.

Signature-ad

അപ്പീലില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ആദ്യ കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കും എന്ന പ്രശ്നം ഉയര്‍ന്നത്. ഇക്കാര്യം പ്രതിയും അതിജീവിതയും ചര്‍ച്ചചെയ്ത് തീരുമാനിക്കട്ടേയെന്ന് കോടതി നിര്‍ദേശിച്ചു. ചര്‍ച്ചകള്‍ക്കിടെ അതിജീവിതയ്ക്ക് രണ്ടാമതൊരു കുഞ്ഞുകൂടി ജനിച്ചു. കുഞ്ഞിന്റെ അച്ഛന്‍ പ്രതി തന്നെയാണെന്ന് കോടതി തീര്‍ച്ചപ്പെടുത്തി. ഇതോടെയാണ് ഹൈക്കോടതി ബലാത്സംഗക്കേസ് റദ്ദാക്കിയത്.

പ്രായപൂര്‍ത്തിയായവര്‍ അവര്‍ക്കിഷ്ടപ്പെട്ടരീതിയിയില്‍ ജീവിക്കുമ്പോള്‍ കോടതിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. പ്രതിക്കെതിരേ ആദ്യം നല്‍കിയ പരാതി നിയമത്തിന്റെ ദുരുപയോഗമാണെന്നും കള്ളക്കേസാണെന്നും പറയാം. പക്ഷേ, കഴിഞ്ഞുപോയത് ഇനി കുത്തിപ്പൊക്കുന്നതില്‍ കാര്യമില്ല -കോടതി പറഞ്ഞു.

Back to top button
error: