Life StyleNEWS

ആരാധകന്‍ കൊടുത്തത് ഒരു ചാക്ക് നിറയെ പണം! സംക്രാന്തി ചതി തിരിച്ചറിഞ്ഞത് നാട്ടിലെത്തിയശേഷം

മിമിക്രി താരം, നടന്‍ എന്നിങ്ങനെ പല മേഖലകളിലും ശ്രദ്ധേയനായി മാറിയ താരമാണ് നസീര്‍ സംക്രാന്തി. ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളില്‍ വിധികര്‍ത്താവായിട്ടുമൊക്കെ സജീവമായി നില്‍ക്കുന്ന താരം മുന്‍പ് സ്റ്റേജ് പ്രോഗ്രാമുകളിലും സജീവ സാന്നിധ്യമായിരുന്നു. അങ്ങനെ വിദേശത്ത് ഒരു പരിപാടിയ്ക്ക് പോയപ്പോള്‍ ചാക്ക് നിറയെ പണം കിട്ടിയൊരു അനുഭവം പറയുകയാണിപ്പോള്‍.

തന്റെ പരിപാടി ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് കാണികളില്‍ നിന്നൊരു ആരാധകന്‍ പാരിതോഷികമായി തന്നതായിരുന്നു ആ പണം. എന്നാല്‍ അതിന് പിന്നിലെ ചതി തിരിച്ചറിഞ്ഞത് നാട്ടിലെത്തിയതിന് ശേഷമാണെന്നാണ് ഫ്ളവേഴ്സ് ഒരു കോടിയില്‍ പങ്കെടുക്കവേ നസീര്‍ പറയുന്നത്.

Signature-ad

മസ്‌കറ്റിലെ സലാല എന്ന സ്ഥലത്താണ് പരിപാടിയ്്ക്ക് പോയത്. അവിടെ നിന്നും ഒരു ആരാധകന്‍ എന്നെ കാണാന്‍ വന്നു. അദ്ദേഹത്തിന്റെ കൈയ്യില്‍ കുറേ നോട്ടുകള്‍ ഉണ്ടായിരുന്നു. അദ്ദേഹം ഒരുപാട് ടിവി പരിപാടി കാണുന്നതാണെന്നും എന്നെ ഭയങ്കര ഇഷ്ടമാണെന്നും പറഞ്ഞ് കൈയ്യിലുണ്ടായിരുന്ന പൈസ എനിക്ക് തന്നു. ഒത്തിരി പണം ഉണ്ടത്.

അവിടുത്തെ പൈസ ആയത് കൊണ്ട് എത്രയുണ്ടെന്ന് ഒന്നും എനിക്കറിയില്ല. മാത്രമല്ല ഞാനത് കൂടെ ഉണ്ടായിരുന്ന ആരോടും പറയാതെ കൈയ്യില്‍ ഇറുക്കി പിടിച്ചു. റൂമില്‍ വന്ന് നോക്കുമ്പോള്‍ ഇരുപത്തിയയ്യിരം, പതിനായിരം, തുടങ്ങി വലിയ നോട്ടുകളാണ്. ചില ആരാധകര്‍ വാരിക്കോരി തരും. വര്‍ഷങ്ങളായി അവിടെ ജോലി നോക്കുന്ന ആളായിരിക്കുമെന്നും കരുതി.

അങ്ങനെ അവിടുത്തെ പരിപാടിയ്ക്ക് കിട്ടിയ പണം കൊണ്ട് ഞാന്‍ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി. ഇത്രയും കാശ് വേറെ കൈയ്യിലുണ്ടല്ലോ എന്ന് കരുതിയാണ് ഉണ്ടായിരുന്ന പൈസ കൊണ്ട് സോഫും ചീപ്പും മുട്ടായികളുമൊക്കെ വാങ്ങിയത്. മാത്രമല്ല ഈ ഷോ കഴിയുമ്പോള്‍ ഭാര്യയ്ക്കൊരു മാല വാങ്ങി കൊടുക്കാമെന്നും ഞാന്‍ പറഞ്ഞിരുന്നു. പിറ്റേന്ന് തന്നെ ഭാര്യയെ കൂട്ടി അത് വാങ്ങാന്‍ പോകാമെന്നും പറഞ്ഞു.

നാട്ടിലെത്തി കഴിഞ്ഞിട്ട് സ്ഥിരമായി ഞാന്‍ പൈസ മാറ്റി മണി എക്സേഞ്ച് ചെയ്യുന്ന ഒരാളുണ്ട. പുള്ളിയുടെ കൈയ്യില്‍ കൊടുക്കുകയാണെങ്കില്‍ കുറച്ച് കൂടുതല്‍ കിട്ടുകയും ചെയ്യും. പുള്ളിയെ വിളിച്ചിട്ട് കുറച്ചേറെ പൈസയുണ്ട്, ഞെട്ടരുത്. അങ്ങോട്ട് വരാന്‍ പറ്റില്ല. വീട്ടിലോട്ട് വരാന്‍ പറഞ്ഞു. അവരൊരു വണ്ടിയും വിളിച്ച് വന്നു.

വീട്ടിലൊരാള്‍ വരുമ്പോള്‍ വെറുതേ വിടാന്‍ പറ്റില്ലല്ലോ എന്ന് കരുതി രാവിലെ പോയി രണ്ട് കിലോ മട്ടനൊക്കെ വാങ്ങി ബിരിയാണി ഉണ്ടാക്കി. അവര്‍ക്ക് കൊടുത്തു. ശേഷം ഇനിയെന്നാല്‍ പൈസ എടുക്ക് പോയിട്ട് ധൃതിയുണ്ടെന്ന് പറഞ്ഞു. ഞാന്‍ ഈ പൈസ എടുത്ത് കൊടുത്ത് എണ്ണി നോക്കുമ്പോള്‍ ഒന്നര, രണ്ട് ലക്ഷം രൂപയുടെ അടുത്തുണ്ട്. പക്ഷേ അവര്‍ എല്ലാം കൂടി കൂട്ടി നോക്കിയിട്ട് പറഞ്ഞു ഇത് തൊള്ളയിരത്തി പതിനഞ്ച് രൂപയുണ്ടെന്ന്.

സത്യത്തില്‍ എനിക്ക് കിട്ടിയത് ഇറാഖിലെ പൈസ ആയിരുന്നു. അവിടെ ഒരു ചാക്ക് പൈസയുമായി ചെന്നാല്‍ ഒരു സഞ്ചി സാധനമേ കിട്ടുകയുള്ളു. അത്രയും വാല്യൂ ഉള്ള പൈസയാണ്. എനിക്കിത് അറിയില്ലായിരുന്നു. അവന്റെ കൈയ്യില്‍ ഒരു ശല്യം പോലെ ഉണ്ടായിരുന്നത് എന്റെ തലയില്‍ കെട്ടി ഏല്‍പ്പിച്ചതാണ്.

മട്ടനും ബിരിയാണിയുമൊക്കെ ഉണ്ടാക്കി എന്റെ പത്ത് മൂവായിരം രൂപയും പോയി, കാറ് വിളിച്ച് വന്നവന് ആ കാശും പോയി. ഒടുവില്‍ അയാളുമായിട്ടുള്ള എല്ലാ ബന്ധവും ഇതോട് കൂടി അവസാനിച്ചെന്നും നസീര്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: