CrimeNEWS

പ്രണയം സര്‍ക്കാരിനോട് മാത്രം! സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കോഴിക്കോട് സ്വദേശി പടിയില്‍; കുടുങ്ങിയത് അങ്കമാലിയില്‍, കേസ് കാസര്‍കോട്ട്

കാസര്‍കോട്: കോടതി, തപാല്‍ ഓഫീസ്, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ മോഷണം നടത്തുന്നയാള്‍ അറസ്റ്റില്‍. കോഴിക്കോട് തൊട്ടില്‍പാലം കാവിലമ്പാറ നാലോന്നുകാട്ടില്‍ സനല്‍ എന്ന സനീഷ് ജോര്‍ജിനെ (44) ആണ് കാസര്‍കോട് ഡിവൈ.എസ്.പി. സി.കെ. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചൊക്ലി പടന്നക്കരയിലാണ് ഇയാള്‍ താമസിക്കുന്നത്. കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തിന്റെ ഗ്രില്ലും ജഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിന്റെ റെക്കോഡ് മുറിയുടെ താഴും പൊളിച്ച സംഭവത്തിന്റെ അന്വേഷണത്തിലാണ് പിടിയിലായത്.

കോടതിയുടെ ഗ്രില്‍ പൊളിച്ച അതേദിവസം കാസര്‍കോട് ചെങ്കളയിലെ മരമില്ലില്‍ കയറി 1.84 ലക്ഷം കവര്‍ന്നത് താനാണെന്നും ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. കോടതിയില്‍നിന്ന് ഒന്നും കിട്ടാത്തതിനാല്‍ സമീപത്തെ തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഓഫീസ് മുറിയും കുത്തിത്തുറന്നു.

Signature-ad

മേശവലിപ്പിലുണ്ടായിരുന്ന 500 രൂപയുമെടുത്ത് മടങ്ങി. നല്ല മഴയായതിനാല്‍ സമീപത്തെ വീടിന്റെ പുറത്തുണ്ടായിരുന്ന മഴക്കോട്ട് ധരിച്ച് ചെര്‍ക്കള ഭാഗത്തേക്ക് നടന്നുവെന്നും മരമില്ല് കണ്ടപ്പോള്‍ അവിടെക്കയറി പൂട്ട് പൊളിച്ചുവെന്നുമാണ് ഇയാള്‍ നല്‍കിയ മൊഴി.

സി.സി.ടി.വി. ദൃശ്യങ്ങളില്‍ മുഖംമൂടി ധരിച്ചയാളാണ് മോഷണത്തിന് ശ്രമിച്ചതെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. അങ്കമാലിയില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. പെരുമ്പാവൂരിലുള്ള മരമില്ലുകളില്‍ മോഷണം നടത്തുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.

മേയ് 17-ന് സുല്‍ത്താന്‍ബത്തേരി കോടതിയിലെ റെക്കോഡ് മുറി കുത്തിത്തുറന്ന് തൊണ്ടിമുതലായ നാലുപവന്‍ സ്വര്‍ണം അപഹരിച്ചതടക്കം 15 കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പി. ബിജോയി പറഞ്ഞു.

 

Back to top button
error: