വയനാട്: അമ്പലവയലില്‍ വലിയ ശബ്ദം കേട്ടതായി നാട്ടുകാര്‍. എടയ്ക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലയ്ക്കു സമീപത്തുനിന്നാണു വലിയ ശബ്ദം കേട്ടത്. ഇടിമുഴക്കമാണെന്നാണു നാട്ടുകാര്‍ ആദ്യം കരുതിയത്. എന്നാല്‍ ചെറിയ തോതില്‍ ഭൂമികുലുക്കവും ഉണ്ടായി. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ശാസ്ത്രജ്ഞര്‍ അസാധാരണ ശബ്ദം കേട്ടതായി സ്ഥിരീകരിച്ചു. എടക്കല്‍ 19 എന്ന സ്ഥലത്തുനിന്നാണു ശബ്ദം കേട്ടതെന്നാണു വിവരം.
റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അമ്പലവയല്‍ ജിഎല്‍പി സ്‌കൂളിന് അവധി നല്‍കി. എടയ്ക്കല്‍ ഗുഹയ്ക്കു സമീപത്താണ് ഈ സ്‌കൂള്‍. സ്ഥലത്ത് പരിശോധന നടക്കുന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, ജില്ലയുടെ പല ഭാഗത്തും ചെറിയ തോതില്‍ ഭൂമികുലുക്കമുണ്ടായതായതാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കുറിച്യര്‍മല, പിണങ്ങോട് മൂരിക്കാപ്പ്, വൈത്തിരി എന്നിവിടങ്ങളോടു ചേര്‍ന്ന ചില പ്രദേശങ്ങളിലാണു ചെറിയതോതില്‍ ഭൂമികുലുക്കമുണ്ടായത്.
വില്ലേജ് ഓഫിസര്‍മാരോടു സംഭവസ്ഥലത്തെത്താന്‍ നിര്‍ദേശം നല്‍കിയതായി വൈത്തിരി തഹസില്‍ദാര്‍ പറഞ്ഞു. നേന്മേനി വില്ലേജിലെ പാടിപറമ്പ്, അമ്പുകുത്തി, അമ്പലവയല്‍ ആര്‍എആര്‍എസ് പ്രദേശങ്ങളിലാണു ശബ്ദവും കുലുക്കവും അനുഭവപ്പെട്ടത്. വൈത്തിരി താലൂക്കിന് കീഴില്‍ പൊഴുതന വില്ലേജില്‍ ഉള്‍പ്പെടുന്ന സുഗന്ധഗരി പ്രദേശത്തും അച്ചൂരാനം വില്ലേജ് ഉള്‍പ്പെടുന്ന സേട്ടുകുന്ന് പ്രദേശത്തും വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ മേഖലയുള്‍പെടുന്ന മേപ്പാടി പഞ്ചായത്തില്‍നിന്ന് ശരാശരി 30 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശങ്ങള്‍.
ഭൂമിക്കടിയില്‍നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. അമ്പലവയല്‍ വില്ലേജിലെ ആര്‍എആര്‍എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തിമല, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണു ഭൂമിക്കടിയില്‍നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തരകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചത്. പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു.