IndiaNEWS

വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കാന്‍ കേന്ദ്രം; 40 ഭേദഗതികള്‍ക്ക് നീക്കം

ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. വെള്ളിയാഴ്ച നടന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയത്.

വഖഫ് സ്വത്തുക്കളെന്നവകാശപ്പെടുന്ന ഭൂമി കര്‍ശന പരിശോധനകള്‍ക്ക് ഇനിമുതല്‍ വിധേയമാക്കും. തര്‍ക്ക ഭൂമികളും സര്‍ക്കാര്‍ പരിശോധിക്കും. 9.4 ലക്ഷം ഏക്കര്‍ വസ്തുവകകളാണ് വഖഫ് ബോര്‍ഡിന് കീഴിലുള്ളതെന്നാണ് കണക്ക്. വഖഫ് കൗണ്‍സിലുകളിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും ഇനിമുതല്‍ വനിതാ പ്രാതിനിധ്യവും ഉറപ്പുവരുത്തും.

Signature-ad

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വഖഫ് ബോര്‍ഡുകള്‍ക്ക് നല്‍കിയ കൂടുതല്‍ അധികാരം എടുത്തുകളയുകയാണ് മോദി സര്‍ക്കാറിന്റെ ലക്ഷ്യം. വഖഫ് ബോര്‍ഡിന്റെ സ്വയംഭരണാവകാശം തകര്‍ക്കാനും മതസ്വാതന്ത്ര്യത്തിന് വിരുദ്ധമായ ഇടപെടല്‍ നടത്താനുമാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അസദുദ്ദീന്‍ ഉവൈസി എം.പി പറഞ്ഞു.

വഖഫ് ബോര്‍ഡിന്റെ ഘടനയില്‍ മാറ്റം വരുത്താനുള്ള നിര്‍ദേശവും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിലവിലെ നിയമത്തിലുള്ള ചില വ്യവസ്ഥകള്‍ റദ്ദാക്കാനും പുതിയ ഭേദഗതി നിര്‍ദേശിക്കുന്നു. വഖഫ് സ്വത്തുക്കള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനായി സ്വത്തുക്കള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനേയും ചുമതലപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: