വയനാട്: കനത്ത നാശംവിതച്ച ഉരുള്‍പൊട്ടലുണ്ടായതിന്റെ നാലാം ദിവസം നടത്തിയ തിരച്ചിലില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് നാലുപേരെ ജീവനോടെ കണ്ടെത്തി സൈന്യം. 2 പുരുഷന്‍മാരും 2 സ്ത്രീകളുമാണു രക്ഷപ്പെട്ടത്. ഇതിലൊരു പെണ്‍കുട്ടിക്ക് കാലിനു പരുക്കുണ്ട്. ഇവരെ എയര്‍ലിഫ്റ്റ് ചെയ്ത് ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിക്കും. ഇവര്‍ വീട്ടില്‍ കുടുങ്ങുകയായിരുന്നെന്നു സൈന്യം അറിയിച്ചു.
അതേസമയം, ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളില്‍ മരണം 316 ആയി. ഇനി 298 പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചാലിയാറില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് 172 മൃതദേഹങ്ങളാണ്. സൈന്യം നിര്‍മിച്ച ബെയ്ലി പാലം പ്രവര്‍ത്തന സജ്ജമായതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലായി. മേഖലയില്‍ ഇനിയാരും ജീവനോടെ കുടുങ്ങിക്കിടക്കാന്‍ സാധ്യതയില്ലെന്നാണു സൈന്യത്തിന്റെ നിഗമനമെങ്കിലും ജീവന്റെ തുടിപ്പ് തേടി ഓരോ പ്രദേശത്തും പരിശോധന തുടരുകയാണ്. സൈന്യവും എന്‍ഡിആര്‍എഫും സംസ്ഥാന സര്‍ക്കാരും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സംയുക്തമായാണു തിരച്ചില്‍ നടത്തുന്നത്. കാണാതായവരില്‍ 29 പേര്‍ കുട്ടികളാണ്. ദുരിതാശ്വാസ ക്യാംപുകളില്‍ 2328 പേരുണ്ട്.