CrimeNEWS

സുജിത്ത് അകലാനുള്ള കാരണം ഭാര്യയെന്ന വിശ്വാസം; വഞ്ചിയൂരിലേത് ഭര്‍തൃകാമുകിയുടെ പ്രതികാരം

തിരുവനന്തപുരം: വഞ്ചിയൂരില്‍ വീട്ടമ്മയെ വീട്ടിലെത്തി എയര്‍ഗണ്‍ കൊണ്ട് വെടിവച്ച സംഭവത്തില്‍ വനിതാ ഡോക്ടര്‍ ദീപ്തിമോള്‍ ജോസി(37)നെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കോട്ടയം സ്വദേശിനിയായ ദീപ്തി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പള്‍മനോളജിസ്റ്റാണ്. പ്രതിയുടെ ഭര്‍ത്താവും ഡോക്ടറാണ്.

ആക്രമിക്കപ്പെട്ട ഷിനിയുടെ ഭര്‍ത്താവ് സുജിത്തും ദീപ്തിയുമായി അടുപ്പത്തിലായിരുന്നു. ഒന്നരവര്‍ഷം മുന്‍പ് കൊല്ലത്തെ മറ്റൊരു ആശുപത്രിയില്‍ ഇവര്‍ ഒന്നിച്ച് ജോലി ചെയ്തിരുന്നു. ആ സമയത്തുണ്ടായ അടുപ്പമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അടുത്തിടെ ഈ സൗഹൃദം തകര്‍ന്നു. ഷിനിയാണ് ബന്ധത്തിന് തടസമെന്ന് മനസിലായതോടെ കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് പ്രതി മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

Signature-ad

ദിവസങ്ങളോളം നീണ്ട തയ്യാറെടുപ്പിനു ശേഷമായിരുന്നു പ്രതി കൃത്യം നടത്താന്‍ എത്തിയത്. തൊട്ടടുത്തു നിന്നു വെടിയുതിര്‍ത്താല്‍ കൊലപ്പെടുത്താമെന്നു കരുതിയാണ് കുറിയര്‍ നല്‍കാനെന്ന വ്യാജേന എത്തിയത്. സുജീത്തിന്റെ വീട് ദീപ്തിക്കു നേരത്തേ അറിയാമായിരുന്നു.
പിടിയിലായതോടെ പൊട്ടിക്കരഞ്ഞ ദീപ്തി ഏറെ നേരത്തിനു ശേഷമാണ് ചോദ്യം ചെയ്യലിനോട് സഹകരിച്ചത്. ദേഷ്യവും സങ്കടവും നിറഞ്ഞ മാനസികാവസ്ഥയിലായിരുന്നു ഡോക്ടറുടെ മറുപടികള്‍.

മുഖംമറച്ച് ഞായറാഴ്ച രാവിലെയാണ് ദീപ്തി ഷിനിയുടെ വീട്ടിലെത്തിയത്. കാറിലാണ് വന്നത്. ആമസോണ്‍ കൊറിയര്‍ നല്‍കാന്‍ വന്നതാണെന്നായിരുന്നു പ്രതി പറഞ്ഞത്. തുടര്‍ന്ന് ഷിനിയെ വെടിവച്ച്, അവിടെനിന്ന് കടന്നുകളഞ്ഞു. കാറിന്റെ നമ്പര്‍ വ്യാജമായിരുന്നു.

ആരെയും സംശയമില്ലെന്നും ആര്‍ക്കും തന്നോട് വിരോധമുണ്ടാകില്ലെന്നുമായിരുന്നു വെടിയേറ്റ ഷിനിയുടെ മൊഴി. എന്നാല്‍, ഇത് പൊലീസ് വിശ്വസിച്ചില്ല. തുടര്‍ന്ന് ഷിനിയുടെയും ഭര്‍ത്താവിന്റെയും ദീപ്തിയുടെയുമെല്ലാം ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ പ്രതി ജോലി ചെയ്യുന്ന ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതി ഈ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ആറ് മാസം പോലും ആയിട്ടില്ലെന്നാണ് വിവരം.

Back to top button
error: