KeralaNEWS

കേരള സിന്‍ഡിക്കറ്റില്‍ ബിജെപിക്ക് 6 വോട്ടുകള്‍ എവിടെനിന്ന്? വോട്ട് മറിഞ്ഞതോ, തര്‍ക്കം തുടരുന്നു…

തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി ബിജെപി 2 സീറ്റുകള്‍ നേടി. ഇന്നലെ തിരഞ്ഞെടുപ്പ് നടന്ന 9 സീറ്റുകളില്‍ സിപിഎമ്മിന്റെ 6 പ്രതിനിധികളും ബിജെപിയുടെ രണ്ടും കോണ്‍ഗ്രസിന്റെ ഒരു പ്രതിനിധിയുമാണു വിജയിച്ചത്. പ്രഫ.കെ.സി.പ്രകാശ്, ഡോ.കെ.റഹീം, ഡോ.എന്‍.പ്രമോദ്, ഡോ.ടി.ആര്‍.മനോജ്, ആര്‍.ബി.രാജീവ് കുമാര്‍, ഡി.എന്‍.അജയ് (എല്ലാവരും എല്‍ഡിഎഫ്), പി.എസ്.ഗോപകുമാര്‍, ഡോ.ടി.ജി.വിനോദ് കുമാര്‍ (ബിജെപി), അഹമ്മദ് ഫാസില്‍ (കോണ്‍ഗ്രസ്) എന്നിവരാണു വിജയിച്ചത്. ഡോ.എസ്.നസീബ്, ഡോ.വി.മനോജ്, ഡോ.എം.ലെനിന്‍ ലാല്‍ (എല്ലാവരും എല്‍ഡിഎഫ്) എന്നിവര്‍ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

സിന്‍ഡിക്കറ്റിലെ കക്ഷിനില: എല്‍ഡിഎഫ് 9, ബിജെപി2, കോണ്‍ഗ്രസ് 1. തര്‍ക്കമുള്ള 15 വോട്ടുകള്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം എണ്ണാതെ മാറ്റിവച്ചിരിക്കുന്നതിനാല്‍ അന്തിമ ഫലം കോടതി വിധിയുടെ അടിസ്ഥാനത്തിലാകും. ഇന്നലെ രാവിലെ 8 മുതല്‍ 10 വരെയായിരുന്നു വോട്ടെടുപ്പ്. 15 വോട്ടുകള്‍ മാറ്റിവച്ചെങ്കിലും ബാക്കിയുള്ള 82 പേരുടെ വോട്ടുകള്‍ എണ്ണുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തിനിടയാക്കി. കേസുകളില്‍ വിധി വന്ന ശേഷം എല്ലാ വോട്ടുകളും എണ്ണാമെന്ന് വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍ നിലപാടെടുത്തതോടെ തര്‍ക്കം തുടങ്ങി. എല്‍ഡിഎഫ് സെനറ്റ് അംഗങ്ങള്‍ വിസിയെ ചേംബറിനുള്ളില്‍ ഉപരോധിച്ചു.

Signature-ad

ഉള്ളില്‍ എല്‍ഡിഎഫ് സെനറ്റ് അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തിയതോടെ പുറത്ത് വിവിധ കോളജുകളില്‍ നിന്നുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസിനെ വെട്ടിച്ച് മതില്‍ ചാടിക്കടന്നും ഗേറ്റ് തള്ളിത്തുറന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാലാ കവാടത്തിന്റെ പടികളിലിരുന്നു മുദ്രാവാക്യം മുഴക്കി. വിസിയുടെ കാറിന്റെ കാറ്റൂരി വിട്ടെന്നും പരാതിയുണ്ട്. ഇതേസമയം, വിദ്യാര്‍ഥി സംഘടനകള്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസ് പരിഗണിക്കുന്നതിനിടെ വോട്ട് എണ്ണാന്‍ തടസ്സമില്ലെന്നും അന്തിമ ഫലം കോടതിയിലുള്ള കേസുകളിലെ വിധി അനുസരിച്ചായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതോടെയാണു വോട്ടെണ്ണല്‍ തുടങ്ങിയത്. ഫലം പ്രഖ്യാപിച്ചിട്ടും സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടായില്ല.

ബിജെപിക്ക് അധികമായി കിട്ടിയ 6 വോട്ടുകളെച്ചൊല്ലി പരസ്പരം പഴിചാരി എല്‍ഡിഎഫും കോണ്‍ഗ്രസും. ഹൈക്കോടതി നിര്‍ദേശമനുസരിച്ച് മാറ്റിവച്ച 15 വോട്ടുകളില്‍ ബിജെപിയുടെ 5 വോട്ടുണ്ട്. ഇതൊഴിവാക്കിയാല്‍ 12 പേരുടെ പിന്തുണ മാത്രമാണ് ബിജെപിക്ക്. ഒരാള്‍ക്ക് 9 വോട്ട് എന്ന നിലയില്‍ 2 പേരെ ജയിപ്പിക്കാന്‍ 18 വോട്ടാണ് വേണ്ടത്. സാധാരണ നിലയില്‍ ഒരംഗം മാത്രം വിജയിക്കേണ്ട ഇടത്ത് 2 ബിജെപി അംഗങ്ങള്‍ ജയിച്ചു. അധികം കിട്ടിയ 6 വോട്ടുകള്‍ ആരുടേത് എന്നതാണ് തര്‍ക്കം.

സിപിഎം-സിപിഐ തര്‍ക്കമാണു ബിജെപിക്ക് രണ്ടാം സീറ്റ് സമ്മാനിച്ചതെന്നു പി.സി.വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു.
ചാന്‍സലറായ ഗവര്‍ണറും ഉന്നത വിദ്യാഭ്യാസ മന്ത്രിയും മേയറും വൈസ് ചാന്‍സലറും ഉള്‍പ്പെടെ 98 സെനറ്റ് അംഗങ്ങളാണ് വോട്ടര്‍മാര്‍. ഗവര്‍ണര്‍ വോട്ട് ചെയ്യാത്തതിനാല്‍ 97 വോട്ടുകളാണ് ആകെയുള്ളത്.

സിപിഎമ്മിന്റെ 6 വോട്ടുകള്‍ മറിഞ്ഞെന്നാണ് ആക്ഷേപം ഉയരുന്നത്. എന്നാല്‍, കോണ്‍ഗ്രസിന്റെ വോട്ട് തിരിമറിയിലാണു ബിജെപി വിജയിച്ചതെന്ന് സിപിഎം ആരോപിച്ചു. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കിട്ടിയത് കൊണ്ടാണു കോണ്‍ഗ്രസ് പ്രതിനിധി വിജയിച്ചത്. വോട്ടെണ്ണലിനിടയില്‍ സിപിഐ, സിപിഎം അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിന്റെ വക്കിലെത്തിയിരുന്നെന്നും വിഷ്ണുനാഥ് പറഞ്ഞു.

സിപിഎം ജനറല്‍ സീറ്റുകളില്‍ വേണ്ടത്ര വോട്ട് വീതിക്കാതിരുന്നതു കൊണ്ടാണു ബിജെപിക്ക് 2 സീറ്റ് ലഭിച്ചതെന്നും ആരോപണമുണ്ട്. 12 സീറ്റുകളാണു സിന്‍ഡിക്കറ്റിലുള്ളത്. ഇതില്‍ 3 പ്രതിനിധികള്‍ നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു. ബാക്കിയുള്ള 9 സീറ്റുകളിലേക്കാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. 15 വോട്ടുകള്‍ എണ്ണാതെ മാറ്റിവയ്ക്കാനുള്ള ഹൈക്കോടതി വിധിയില്‍ ബാക്കി വോട്ടുകള്‍ എണ്ണുന്ന കാര്യത്തില്‍ വ്യക്തത കുറവുണ്ടായിരുന്നു എന്നാണു വിസിയുടെ വാദം. ഇതു നിയമ പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കുമെന്ന കാരണത്താലാണു കോടതി നിര്‍ദേശിക്കാതെ വോട്ട് എണ്ണില്ലെന്ന നിലപാട് വിസി സ്വീകരിച്ചതെന്നു പറയുന്നു. ബിജെപി പക്ഷത്തെ 5 പേരുടെയും 9 എസ്എഫ്‌ഐക്കാരുടെയും ഒരു കെഎസ്യു പ്രതിനിധിയുടെയും വോട്ടുകളാണ് എണ്ണാതെ മാറ്റിവച്ച 15 എണ്ണം.

Back to top button
error: