KeralaNEWS

വേണം വിരലോളമെങ്കിലും വകതിരിവ്! അര്‍ജുന്റെ കുഞ്ഞിനോട് ചോദ്യങ്ങളുന്നയിച്ച സംഭവം; യൂട്യൂബ് ചാനലിന് എതിരെ കേസെടുത്തു

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ മകനോട് ചോദ്യങ്ങള്‍ ചോദിക്കുകയും അത് സംപ്രേഷണം ചെയ്യുകയും ചെയ്ത സംഭവത്തില്‍ യൂട്യൂബ് ചാനലിന് എതിരെ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മഴവില്‍ കേരളം എന്ന യുട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറോടും, ജില്ലാ ശിശുസംരക്ഷണ ഓഫീസറോടും, യൂട്യൂബ് ചാനലിനോടും ബാലാവകാശ കമ്മീഷന്‍ വിശദീകരണം തേടി.

അര്‍ജുന്റെ രണ്ടു വയസ്സുള്ള മകനോട് മനുഷ്യത്വരഹിതമായ ചോദ്യങ്ങള്‍ ചോദിച്ച സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ബാലാവകാശ കമ്മീഷന് പരാതി ലഭിച്ചിരുന്നു. പാലക്കാട് അലനല്ലൂര്‍ സ്വദേശി പി.ഡി.സിനില്‍ ദാസ് ആണ് പരാതി നല്‍കിയത്. കുഞ്ഞിനെ ക്യാമറയ്ക്ക് മുന്നിലെത്തിച്ച് ചോദ്യങ്ങള്‍ ചോദിച്ച സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലടക്കം വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നത്.

Signature-ad

അതേസമയം, അര്‍ജുനായുള്ള തിരച്ചില്‍ 13ാം ദിവസവും വിഫലമായി. പുഴയിലെ അടിയൊഴുക്ക് ശക്തമായതിനാല്‍ രക്ഷാദൗത്യം താത്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് കര്‍ണാടക അറിയിച്ചു. പുഴയിലെ തിരച്ചില്‍ നിലവില്‍ നടക്കില്ലെന്നാണ് കര്‍ണാടക ആവര്‍ത്തിക്കുന്നത്. പുഴയില്‍ ഒഴുക്ക് കുറഞ്ഞാലേ തിരച്ചില്‍ നടത്താനാകൂ. തൃശ്ശൂരില്‍ നിന്ന് ഫ്ളോട്ടിങ് ബാര്‍ജ് എത്തിക്കുമെന്നും ഇന്ന് വൈകുന്നേരം ചേര്‍ന്ന യോ?ഗത്തിന് ശേഷം കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.

എന്നാല്‍, തിരച്ചില്‍ നിര്‍ത്തിയതില്‍ കേരളം പ്രതിഷേധം അറിയിച്ചു. പതിമൂന്നാം നാള്‍ പാതിവഴിയില്‍ അവസാനിപ്പിച്ച അവസ്ഥയിലാണ് രക്ഷാദൗത്യം.

Back to top button
error: