കോയമ്പത്തൂര്‍: മരണവേദനയ്ക്കിടയിലും ഇരുപതോളം കുട്ടികളുടെ ജീവന്‍ രക്ഷിച്ച് ഒടുവില്‍ മരണത്തിന് കീഴടങ്ങിയ തമിഴ്‌നാട്ടിലെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ നാടിനാകെ അഭിമാനവും വേദനയുമായിരിക്കുകയാണ്. വെള്ളക്കോവില്‍ കെസിപി നഗറില്‍ താമസിക്കുന്ന സ്‌കൂള്‍ ബസ് ഡ്രൈവറായ സോമലയപ്പന്‍ (49)നാണ് മരിച്ചത്.
സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ സോമലയപ്പന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. സ്വന്തം ജീവന്‍ പോലും തൃണവത്ക്കരിച്ച് ബസിലുണ്ടായിരുന്ന 20 കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാണ് അയാള്‍ ആദ്യം ശ്രമിച്ചത്. വേദന കടിച്ചുപിടിച്ച് ബസ് സുരക്ഷിതമായി പാര്‍ക്ക് ചെയ്ത ശേഷമാണ് സോമലയപ്പന്‍ മരണത്തിന് കീഴടങ്ങിയത്. അയ്യന്നൂരിലെ സ്വകാര്യ സ്‌കൂളില്‍ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന സോമലയപ്പന്‍ ഒരു വര്‍ഷം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ ലളിത ബസില്‍ സഹായിയായി ജോലി ചെയ്തിരുന്നതായി പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡ്രൈവറുടെ നിസ്വാര്‍ഥമായ പ്രവൃത്തിയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തുന്നത്. യഥാര്‍ഥ ഹീറോ എന്നാണ് നെറ്റിസണ്‍സ് വിശേഷിപ്പിച്ചത്. സോമലയപ്പന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.