പണ്ട് നയന്‍താര അല്ലു അര്‍ജുനോട് കാണിച്ചു; ഇപ്പോള്‍ രമേശ് നാരായണന്‍ ആസിഫ് അലിയോടും
നടന് ആസിഫ് അലിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാന്‍ സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ തയ്യാറാവാതിരുന്ന സംഭവത്തിന് സമാനമായ മറ്റൊന്ന് സിനിമാ ലോകത്ത് ഇതിനുമുമ്പും നടന്നിട്ടുണ്ട്. നയന്‍താരയും അല്ലു അര്‍ജുനനുമായിരുന്നു ഇതിലെ നായികാ നായകന്മാര്‍. രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരിക്കൊള്ളുന്നതിനിടെയാണ് അല്ലു അര്‍ജുനില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ നയന്‍താര തയ്യാറാവാതിരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 2018ല്‍ നടന്നതായിരുന്നു ഇത്.
സൈമ അവാര്‍ഡ്ദാന വേദിയിലായിരുന്നു സംഭവം നടന്നത്. മികച്ച നടിക്കുള്ള അവാര്‍ഡ് ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് നയന്‍താരയ്ക്കായിരുന്നു ലഭിച്ചിരുന്നത്. അല്ലു അര്‍ജുനാണ് നയന്‍താരയ്ക്ക് അവാര്‍ഡ് നല്‍കിയത്. തനിക്ക് ലഭിച്ച പുരസ്‌കാരം തിരികെ നല്‍കിയ നയന്‍താര സിനിമയുടെ സംവിധായകനും ഭാവി ഭര്‍ത്താവുമായ വിഘ്‌നേഷ് ശിവനില്‍ നിന്ന് അത് വീണ്ടും സ്വീകരിക്കുകയുമായിരുന്നു.
നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍ ചിത്രത്തിന്റെ സംവിധായകനില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന് നയന്‍താര പരസ്യമായി പറയുകയായിരുന്നു. തുടര്‍ന്നാണ് പുരസ്‌കാരം തിരിച്ചുനല്‍കിയതും വിഘ്‌നേഷ് ശിവനില്‍ നിന്ന് സ്വീകരിച്ചതും. നയന്‍താരയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് അവാര്‍ഡ് നല്‍കാന്‍ നിന്ന് അല്ലു അര്‍ജുന്‍ പിന്‍വാങ്ങുകയും തുടര്‍ന്ന് വേദയിലെത്തിയ വിഘ്‌നേഷ് ശിവന്‍ പുരസ്‌കാരം നല്‍കുകയും ചെയ്തു.
സംഭവം വന്‍ വിവാദമായി. നയന്‍താരയുടെ ഈ പ്രവൃത്തി അല്ലു അര്‍ജുന്‍ ആരാധകര്‍ക്ക് സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു. വന്‍തോതിലുള്ള സൈബര്‍ ആക്രമണത്തിലൂടെയാണ് അവര്‍ ഇതിന് പകരംവീട്ടിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെങ്കിലും ഇരുവര്‍ക്കും ഇടയില്‍ ഇത് വന്‍ വിടവ് സൃഷ്ടിച്ചിട്ടുണ്ട്. അല്ലു നായകനായി എത്തിയ സിനിമകളില്‍ പലതിലും നടിയായി നയന്‍താരെയെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ അല്ലു തയ്യാറായില്ലെന്നും നയന്‍താരയെ മാറ്റുകയായിരുന്നു എന്നുമാണ് പ്രചരിക്കുന്നത്.