IndiaNEWS

എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; ഡല്‍ഹി -സാന്‍ഫ്രാന്‍സിസ്‌കോ ഫ്‌ളൈറ്റ് റഷ്യയിലിറക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം റഷ്യയിലേക്ക് വഴിതിരിച്ചു വിട്ടു. എയര്‍ ഇന്ത്യയുടെ എ.ഐ 183ാം നമ്പര്‍ വിമാനമാണ് വഴിതിരിച്ചുവിട്ടത്. സാങ്കേതിക തകരാര്‍ മൂലമാണ് നടപടിയെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. വിമാനം റഷ്യയിലെ ക്രാസ്‌നോയാര്‍സ്‌ക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയെന്ന് കമ്പനി അറിയിച്ചു.

കാര്‍ഗോ ഏരിയയില്‍ പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിങ്ങെന്നും കമ്പനി വ്യക്തമാക്കി. വിമാനത്തില്‍ 225 യാത്രക്കാരും 19 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. എല്ലാവരെയും വിമാനത്താവളത്തിലെ ടെര്‍മിനല്‍ ബില്‍ഡിങ്ങിലേക്ക് മാറ്റിയെന്നും എയര്‍ ഇന്ത്യ പറഞ്ഞു.

Signature-ad

എയര്‍ ഇന്ത്യക്ക് ക്രാസ്‌നോയാര്‍സ്‌ക് വിമാനത്താവളത്തില്‍ സ്റ്റാഫുകള്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് അവശ്യസൗകര്യങ്ങള്‍ ഒരുക്കാന്‍ മറ്റൊരു കമ്പനിയെ നിയോഗിച്ചിട്ടുണ്ട്. വിമാനത്താവള അധികൃതരുമായും സര്‍ക്കാറുമായും ചര്‍ച്ചകള്‍ തുടരുകയാണ്. യാത്രക്കാര്‍ക്ക് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോവാനായി എത്രയുംവേഗം പകരം വിമാനം ഏര്‍പ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കി.

ഇതാദ്യമായല്ല ഇത്തരമൊരു സംഭവം. കഴിഞ്ഞ വര്‍ഷവും ഇതേ റൂട്ടില്‍ എയര്‍ ഇന്ത്യക്ക് വിമാനം വഴിതിരിച്ച് വിടേണ്ടിവന്നിരുന്നു. സാങ്കേതിക തകരാര്‍ മൂലം റഷ്യന്‍ നഗരമായ മാഗാദനിലേക്കാണ് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള വിമാനം വഴിതിരിച്ചു വിട്ടത്. അന്ന് 216 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പിന്നീട് ഇവരെ മറ്റൊരു വിമാനത്തിലാണ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിച്ചത്.

 

Back to top button
error: