മുംബൈ: വിവാദങ്ങളില്‍ ഉള്‍പ്പെട്ട ഐ.എ.എസ്. ട്രെയിനി പൂജ ഖേദ്കറിന്റെ അമ്മ മനോരമ ഖേദ്കറിനെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് പുണെ പോലീസ് മനോരമയെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് റായ്ഗഢിലെ ലോഡ്ജില്‍നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. പോലീസ് കേസെടുത്തതിന് പിന്നാലെ മനോരമ ഖേദ്കര്‍ റായ്ഗഢില്‍ ഒളിവില്‍കഴിഞ്ഞുവരികയായിരുന്നു.
അനധികൃതമായി തോക്ക് കൈവശംവെച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് മനോരമയ്ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. പൂജ ഖേദ്കറിനെതിരായ ആരോപണങ്ങള്‍ ശക്തമായതിനിടെയാണ് മനോരമ കര്‍ഷകര്‍ക്ക് നേരേ തോക്ക് ചൂണ്ടുന്ന വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഒരുവര്‍ഷം മുന്‍പ് നടന്ന സംഭവമാണെങ്കിലും വീഡിയോ പ്രചരിച്ചതോടെ പോലീസ് കേസെടുക്കുകയായിരുന്നു. മനോരമയുടെ ഭര്‍ത്താവ് ദിലീപ് ഖേദ്കറും ഈ കേസില്‍ പ്രതിയാണ്. എന്നാല്‍, ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല.
അതിനിടെ, പൂജ ഖേദ്കര്‍ നേരത്തെ സമര്‍പ്പിച്ചിരുന്ന റേഷന്‍ കാര്‍ഡും നല്‍കിയ മേല്‍വിലാസവും വ്യാജമാണെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുണെയിലെ വൈ.സി.എം. ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി പൂജ നല്‍കിയ വിലാസം അടിമുടി വ്യാജമാണെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ‘നമ്പര്‍ 53, ദേഹു അലാന്‍ഡി, തല്‍വാഡെ, പിംപ്രി ഛിഞ്ച്വാഡ്’ എന്നാണ് പൂജ ആശുപത്രിയില്‍ നല്‍കിയിരുന്ന വിലാസം. എന്നാല്‍, ഇത് ‘തെര്‍മോവെരിറ്റ എന്‍ജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന്റെ വിലാസമാണ്. ഈ സ്ഥാപനം നിലവില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വിവരം. പൂജ ഉപയോഗിച്ചിരുന്ന ഔഡി കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നതും ഇതേ കമ്പനിയുടെ പേരിലായിരുന്നു. കമ്പനിയുടെ പേരില്‍ പിംപ്രി ഛിഞ്ച്വാഡ് നഗരസഭയില്‍ ഏകദേശം 2.70 ലക്ഷം രൂപയുടെ നികുതി കുടിശ്ശികയുണ്ടെന്നും മൂന്നുവര്‍ഷമായി നികുതി അടച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഇതേവിലാസത്തിലാണ് പൂജ ഖേദ്കര്‍ വ്യാജ റേഷന്‍ കാര്‍ഡും നിര്‍മിച്ചത്. ഭിന്നശേഷിക്കാരിയാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി അപേക്ഷ നല്‍കിയപ്പോള്‍ ഈ റേഷന്‍ കാര്‍ഡാണ് ഐ.എ.എസ്. ഉദ്യോഗസ്ഥ ആശുപത്രിയില്‍ സമര്‍പ്പിച്ചത്. 2022 ഓഗസ്റ്റ് 24-ാം തീയതിയാണ് പുണെയിലെ ആശുപത്രിയില്‍നിന്ന് പൂജയ്ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്. കാല്‍മുട്ടിന് ഏഴുശതമാനം വൈകല്യമുണ്ടെന്നാണ് സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
തനിക്കെതിരേ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും താന്‍ വ്യാജവാര്‍ത്തയുടെ ഇരയാണെന്നുമായിരുന്നു പൂജ ഖേദ്കറിന്റെ പ്രതികരണം. ഇതിനുപിന്നാലെ തനിക്കെതിരേ ചീഫ് സെക്രട്ടറിക്ക് കത്തയച്ച പുണെ ജില്ലാ കളക്ടര്‍ക്കെതിരേയും പൂജ പോലീസില്‍ പരാതി നല്‍കിയിരുന്നു.