IndiaNEWS

പൂജയുടെ കുടുംബത്തിന് പങ്കജ മുണ്ടെയുമായി അടുത്ത ബന്ധം; സംഘടനയ്ക്ക് നല്‍കിയത് 12 ലക്ഷം

മുംബൈ: അച്ചടക്കലംഘനത്തിന് സ്ഥലം മാറ്റപ്പെട്ട ഐഎഎസ് പ്രബേഷനര്‍ പൂജ ഖേദ്കറിന്റെ കുടുംബത്തിന്, ബിജെപി ദേശീയ സെക്രട്ടറി പങ്കജ് മുണ്ടെയുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പങ്കജ് മുണ്ടെയുടെ കുടുംബം നടത്തുന്ന ‘ഗോപിനാഥ് മുണ്ടെ പ്രതിഷ്ഠ’എന്ന സന്നദ്ധ സംഘടനയ്ക്ക് പൂജയുടെ അമ്മ മനോരമ ഖേദ്കര്‍ 12 ലക്ഷം രൂപ സംഭാവന നല്‍കിയതിന്റെ രേഖകള്‍ പുറത്തുവന്നു. പൂജ ഖേദ്കറിന്റെ പിതാവും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ ദിലീപ് ഖേദ്കറിനും പങ്കജ് മുണ്ടെയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ‘ഇന്ത്യ ടുഡെ’ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഹമ്മദ്നഗറിലെ മൊഹ്താദേവി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയ ദിലീപ് ഖേദ്കര്‍, പങ്കജ് മുണ്ടെയെ ലോക്സഭയിലേക്കോ രാജ്യസഭയിലേക്കോ നാമനിര്‍ദ്ദേശം ചെയ്താല്‍ ദേവിക്ക് 1.5 കിലോഗ്രാം വെള്ളി കിരീടം നേര്‍ച്ചയായി സമര്‍പ്പിക്കുമെന്ന് പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ബീഡില്‍ നിന്ന് പങ്കജ് മുണ്ടെയെ മത്സരിപ്പിച്ചതിന് പിന്നാലെ ദിലീപ് ഖേദ്കര്‍ ദേവിക്ക് വെള്ളി കിരീടം സമര്‍പ്പിക്കുകയും ചെയ്തുവെന്നാണ് ‘ഇന്ത്യ ടുഡെ’ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, ബിജെപിയുടെ സിറ്റിംഗ് സീറ്റായി ബീഡ് ഇത്തവണ ശരദ് പവാറിന്റെ എന്‍സിപി പിടിച്ചെടുത്തിരുന്നു. 6500 വോട്ടുകള്‍ക്കായിരുന്നു ഇവിടെ പങ്കജ് മുണ്ടെ പരാജയപ്പെട്ടത്.

Signature-ad

അതിനിടെ, ആഡംബര വസതിയുടെ അതിര്‍ത്തിയില്‍ പണിത അനധികൃത നിര്‍മിതികള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പുണെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഞായറാഴ്ച പൂജയുടെ അമ്മ മനോരമ ഖേദ്കറിന് നോട്ടീസ് നല്‍കി. അനധികൃത നിര്‍മിതികള്‍ നീക്കം ചെയ്യാന്‍ 7 ദിവസത്തെ സമയമാണ് മനോരമ ഖേദ്കറിന് നല്‍കിയിരിക്കുന്നത്. പുണെയിലെ മുല്‍ഷിയില്‍ വച്ച് കര്‍ഷകനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മനോരമ ഖേദ്കറിനും ഭര്‍ത്താവ് ദിലീപിനുമെതിരെ പുണെ പൊലീസ് കേസെടുത്തിരുന്നു.

ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ തെളിഞ്ഞാല്‍ പൂജയെ സര്‍വീസില്‍നിന്നു പിരിച്ചുവിടുമെന്നാണ് സൂചന. കാഴ്ചപരിമിതി ഉണ്ടെന്ന് അവകാശപ്പെട്ട് യുപിഎസ്സിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്, ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ സാധുത എന്നിവയാണ് കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം നിലവില്‍ അന്വേഷിക്കുന്നത്. തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയെന്നാണ് വിഷയത്തില്‍ പൂജ ഖേദ്കറുടെ നിലപാട്. താന്‍ കുറ്റക്കാരിയാണെന്ന തരത്തിലുള്ള മാധ്യമ വിചാരണ തെറ്റാണെന്ന് പ്രതികരിച്ച പൂജ, കുറ്റക്കാരിയെന്നു തെളിയുന്നതുവരെ താന്‍ നിരപരാധിയാണെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: