CrimeNEWS

കൊട്ടുംപാട്ടുമായി കെട്ടിനെത്തിയ ചെക്കനും പാര്‍ട്ടിയും ഞെട്ടി; വധുവും വീട്ടുകാരും അപ്രത്യക്ഷം!

ലഖ്‌നൗ: കൊട്ടും പാട്ടുമായി വധുവിന്റെ വീട്ടിലേക്കെത്തിയ വരനും സംഘവും ഒടുവില്‍ ചെന്നെത്തിയത് പൊലീസ് സ്റ്റേഷനില്‍. വധു നല്‍കിയ വിലാസം ലക്ഷ്യമാക്കിയായിരുന്നു വരനും വീട്ടുകാരും എത്തിയത്. എന്നാല്‍ ആ പ്രദേശത്ത് അങ്ങനെയൊരു പെണ്‍കുട്ടിയോ വീട്ടുകാരോ ഇല്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞതോടെയാണ് എന്തു ചെയ്യണമെന്നറിയാതെ ഇവര്‍ക്ക് മടങ്ങേണ്ടി വന്നത്. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലാണ് വിചിത്രമായ സംഭവം നടന്നത്.

സോനു എന്ന യുവാവ് കാജല്‍ എന്ന യുവതിയുമായി ചണ്ഡീഗഢില്‍ വച്ചാണ് പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയത്തിലേക്കും മാറി. പിന്നീട് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാജലിന്റെ പിതാവ് ശീഷ്പാലുമായി ഫോണില്‍ സംസാരിക്കുകയും അദ്ദേഹം വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. ജൂലൈ 11 നായിരുന്നു വിവാഹ തീയതി ഉറപ്പിച്ചത്. എന്നാല്‍ ഇരുവരും അതുവരെ നേരിട്ട് കണ്ടിട്ടില്ലായിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും വിവാഹത്തിനായി വീട്ടിലേക്ക് എത്തിയാല്‍ മതിയെന്നുമായിരുന്നു വധു പറഞ്ഞത്. ഇതുപ്രകാരം വരന്റെ വീട്ടിലും ഒരുക്കങ്ങള്‍ നടത്തുകയും ബന്ധുക്കളെല്ലാം ഒത്തുകൂടുകയും ചെയ്തു. വിവാഹത്തലേന്നും കാജലിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നതായി സോനു പറയുന്നു.

Signature-ad

ഈ സംഭാഷണത്തിന് ശേഷം കാജലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഞായറാഴ്ച വധു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലഖ്‌നൗവിലെ റഹിമാബാദ് ഏരിയയില്‍ വരനും സംഘവും ഘോഷയാത്രയുമായി എത്തി. എന്നാല്‍ ആ വിലാസത്തില്‍ അങ്ങനെയൊരാളില്ലായിരുന്നു. രാത്രി മുഴുവന്‍ വധുവിനെയും പിതാവിനെയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ലഖ്‌നൗ പൊലീസ് ജോയിന്റ് കമ്മീഷണര്‍ ആകാശ് കുല്‍ഹാരി പറഞ്ഞു.കാണാതായ കാജലിനെയും കുടുംബത്തെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

Back to top button
error: