IndiaNEWS

മകള്‍ വേലി ചാടിയാല്‍ അമ്മ മതില് ചാടും! തോക്ക് ചൂണ്ടി ഭീഷണിയില്‍ അമ്മയ്‌ക്കെതിരേ കേസ്, മോഷണക്കേസ് പ്രതിയെ വിട്ടയയ്ക്കാനും പൂജയുടെ സമ്മര്‍ദം

മുംബൈ: കൂടുതല്‍ വിവാദങ്ങളില്‍ കുരുങ്ങി മഹാരാഷ്ട്രയിലെ പ്രബേഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥ പൂജാ ഖേദ്കര്‍. ഉദ്യോഗസ്ഥക്കെതിരേ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഇവരുടെ അമ്മയ്ക്കെതിരേ പുണെ പോലീസും കേസെടുത്തു. തോക്ക് ചൂണ്ടി കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പുണെ പോലീസ് പൂജയുടെ അമ്മ മനോരമ ഖേദ്കറിനെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

പൂജക്കെതിരേ വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് അമ്മയുടെ വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട് മനോരമ തോക്ക് ചൂണ്ടി കര്‍ഷകരെ ഭീഷണിപ്പെടുത്തുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഒരുവര്‍ഷം മുന്‍പ് മഹാരാഷ്ട്രയിലെ മുല്‍ഷിയില്‍ നടന്ന സംഭവമായിരുന്നു ഇത്. കഴിഞ്ഞദിവസങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇവര്‍ക്കെതിരേ കേസെടുക്കണമെന്ന ആവശ്യം ശക്തമായി. ഇതോടെയാണ് പുണെ പോലീസ് മനോരമ ഖേദ്കറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.

Signature-ad

അതിനിടെ, പൂജയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ കൂടുതല്‍ പരാതികള്‍ പുറത്തുവന്നു. മോഷണക്കേസില്‍ അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കാന്‍ ഡി.സി.പി. റാങ്കിലുള്ള പോലീസുദ്യോഗസ്ഥനെ സമ്മര്‍ദത്തിലാക്കാന്‍ പൂജാ ഖേദ്കര്‍ ശ്രമിച്ചതായി നവിമുംബൈ പോലീസ് മഹാരാഷ്ട്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മേയ് 18-ന് പന്‍വേല്‍ പോലീസ് എടുത്ത കേസിലായിരുന്നു പൂജയുടെ ഇടപെടല്‍.

ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ വിവേക് പന്‍സാരെയെ ഫോണില്‍ വിളിച്ച് മോഷണക്കേസില്‍ അറസ്റ്റിലായ ഈശ്വര്‍ ഉത്തര്‍വഡെ എന്ന പ്രതിയെ വിട്ടയക്കണമെന്ന് പൂജ ആവശ്യപ്പെടുകയായിരുന്നു. പോലീസ് സമ്മര്‍ദത്തിന് വഴങ്ങിയില്ലെന്നും പ്രതി ഉത്തര്‍വഡെ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

Back to top button
error: