ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് ദേവിന്ദര്‍ സിങ് എന്ന ബണ്ടി ചോര്‍ (54) ജില്ലയില്‍ എത്തിയെന്നു സംശയം. വണ്ടാനത്തെ ബാറില്‍ ബണ്ടി ചോറിനോടു രൂപസാദൃശ്യമുള്ളയാള്‍ എത്തിയതായി സിസിടിവി ദൃശ്യത്തിലാണു വ്യക്തമായത്. എടിഎമ്മുകളിലും അടച്ചിട്ട വീടുകളിലും ധനകാര്യ സ്ഥാപനങ്ങളിലും മറ്റും നിരീക്ഷണം നടത്തണമെന്ന് എല്ലാ സ്റ്റേഷനുകള്‍ക്കും ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. ഹോട്ടലുകളില്‍ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സിസിടിവി ദൃശ്യവും പൊലീസ് പുറത്തുവിട്ടു.
തിങ്കളാഴ്ചയാണ് ഇയാള്‍ ബാറിലെത്തിയത്. മുഴുക്കൈ ടീഷര്‍ട്ട് ധരിച്ചയാള്‍ ബീയര്‍ കുടിക്കുന്ന ദൃശ്യങ്ങളാണു ബാറില്‍ നിന്നു ലഭിച്ചത്. പുറത്തു ബാഗ് തൂക്കിയിട്ടുണ്ട്. അതേ ടേബിളില്‍ രണ്ടുപേര്‍ കൂടിയുണ്ടെന്നും വീഡിയോയില്‍ കാണാം. ഇയാള്‍ അമ്പലപ്പുഴ ഭാഗത്തുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ജനങ്ങളും ജാഗ്രത പാലിക്കണമെന്നും എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു.
2013ലാണ് ബണ്ടി ചോര്‍ കേരള പൊലീസിന്റെ വലയിലായത്. അതിസുരക്ഷാ സംവിധാനങ്ങള്‍ മറികടന്നു തിരുവനന്തപുരം നഗരത്തിലെ വീടിനുള്ളില്‍ കയറി മോഷണം നടത്തിയത് ഏറെ ചര്‍ച്ചയായി. 28 ലക്ഷം രൂപ വിലവരുന്ന ആഡംബര കാര്‍, ലാപ്‌ടോപ്, 2 മൊബൈല്‍ ഫോണ്‍ എന്നിവ കവര്‍ന്നു. ജനുവരി 27ന് പുണെയിലെ ഹോട്ടലില്‍ നിന്നു പിടിയിലായി. കൊച്ചി രവിപുരത്തെ കാര്‍ മോഷണത്തിലും ഇയാള്‍ക്കു പങ്കുണ്ടെന്നു പൊലീസ് കണ്ടെത്തി. തിരുവനന്തപുരത്തെ കേസില്‍ 10 വര്‍ഷത്തെ തടവിനു ശേഷം 2023 മാര്‍ച്ചില്‍ പുറത്തിറങ്ങി. ഏപ്രിലില്‍ ഡല്‍ഹി പൊലീസ് ലക്‌നൗവില്‍ നിന്നു പിടികൂടി. കൊള്ളയും വാഹന മോഷണവുമായിരുന്നു അന്നും കുറ്റം.
സമ്പന്നരുടെ വീടുകള്‍ കണ്ടുവച്ച ശേഷം ആഡംബര വസ്തുക്കളും മുന്തിയ കാറുകളും അവിടെ നിന്നു മോഷ്ടിക്കുന്നതാണു രീതി. ഇന്ത്യയില്‍ പലയിടത്തായി ഇയാള്‍ക്കെതിരെ 500ല്‍ ഏറെ കേസുകളുണ്ട്. ഡല്‍ഹിയില്‍ മാത്രം 250ല്‍ ഏറെ. 2008ല്‍ റിലീസായ ‘ഓയേ ലക്കി ലക്കി ഓയേ’ എന്ന ഹിന്ദി ചിത്രം ബണ്ടിയുടെ മോഷണജീവിതം ആസ്പദമാക്കിയുള്ളതാണ്. 2010 ല്‍ ഹിന്ദി ചാനല്‍ നടത്തിയ ‘ബിഗ് ബോസ്’ ഷോയിലും പങ്കെടുത്തെങ്കിലും പെരുമാറ്റദൂഷ്യം കാരണം പുറത്തായി.