CrimeNEWS

ബൈക്കിനു വഴിനല്‍കിയില്ലെന്ന് പറഞ്ഞ് തര്‍ക്കം; ബസ് ഡ്രൈവറെ തല്ലിച്ചതച്ചു, വധശ്രമത്തിന് കേസ്

തൃശൂര്‍: വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കുമുന്നില്‍ സ്വകാര്യബസ്ഡ്രൈവര്‍ക്ക് യുവാവിന്റെ ക്രൂരമര്‍ദനം. പഴുന്നാന-ചെമ്മന്തിട്ട റൂട്ടിലെ സ്വകാര്യബസ് മറ്റൊരു വാഹനത്തിന് വഴികൊടുക്കുന്നതിനിടെയുള്ള തര്‍ക്കമാണ് അക്രമത്തിനിടയാക്കിയത്.

തിങ്കളാഴ്ച വൈകീട്ട് നാലിന് കുന്നംകുളത്തുനിന്ന് പഴുന്നാന വഴി ചെമ്മന്തിട്ടയിലേക്കുപോയ ഫിദമോള്‍ ബസിലെ ഡ്രൈവര്‍ മങ്ങാട് മുട്ടിക്കല്‍ ആരണാട്ടില്‍ ലെബിനെ(31)യാണ് ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്. സംഭവത്തില്‍ പഴുന്നാന പുഴങ്ങരയില്ലത്ത് ഫയാസ് (30), മടപ്പാട്ടുപറമ്പില്‍ മുഹമ്മദ് ഷാഫി (24) എന്നിവരുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തതായി കുന്നംകുളം എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്‍ പറഞ്ഞു.

Signature-ad

കണ്ടക്ടറെ തള്ളിമാറ്റി ഒരാള്‍ ബസില്‍ കയറുകയായിരുന്നു. ഡ്രൈവറെ മര്‍ദിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു. സ്ത്രീകളും കുട്ടികളും ഡ്രൈവറെ മര്‍ദിക്കരുതെന്നുപറഞ്ഞ് തടയാന്‍ ശ്രമിക്കുന്നുണ്ട്. ഇതൊന്നും കേള്‍ക്കാതെയാണ് യുവാവ് അസഭ്യം പറഞ്ഞ് ഡ്രൈവറുടെ മുഖത്തും തോളിലും ഇടിക്കുന്നത്. കൈയിലെ ലോഹവള ഊരി പുറത്തും വാരിയെല്ലിനു സമീപത്തും പലതവണ ഇടിച്ചു.

ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഡ്രൈവറുടെ വാതിലിനു സമീപം തുണിയില്‍ കെട്ടിയ ഭാരമുള്ള വസ്തുവുമായി നില്‍ക്കുന്നുണ്ടായിരുന്നു. അക്രമം കാണാനാകാതെ സ്ത്രീകള്‍ കണ്ണുപൊത്തുന്നതും വീഡിയോയില്‍ കാണാം. കാര്യമായി പരിക്കേറ്റ ലെബിനെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഛര്‍ദിയും ശാരീരികാസ്വസ്ഥതകളും അനുഭവപ്പെട്ടതോടെ ഡോക്ടര്‍മാര്‍ സ്‌കാനിങ്ങിന് നിര്‍ദേശിച്ചു.

തിങ്കളാഴ്ച രണ്ടിന് ചെമ്മന്തിട്ടയില്‍നിന്ന് പഴുന്നാന വഴി കുന്നംകുളത്തേക്ക് പോകുമ്പോള്‍ തര്‍ക്കമുണ്ടായി. ഇടുങ്ങിയ വഴിയാണിത്. പഴുന്നാന ഓട്ടോപാര്‍ക്കിനു സമീപം എതിരേ വന്ന വാഹനത്തിന് വഴി കൊടുക്കുമ്പോള്‍ യുവാവ് ബൈക്കില്‍ സമീപത്ത് നിന്നിരുന്നു. ലെബിനും യുവാവും തമ്മില്‍ തര്‍ക്കമുണ്ടായെങ്കിലും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും നാട്ടുകാരും ഇടപെട്ട് ബസിനെ പറഞ്ഞയച്ചു.

ഇതിനുശേഷം യുവാവും സുഹൃത്തും കുന്നംകുളം സ്റ്റാന്‍ഡിലെത്തി ലെബിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. കുന്നംകുളത്തുനിന്ന് വീണ്ടും ചെമ്മന്തിട്ടയിലേക്ക് യാത്രക്കാരുമായി പോകുമ്പോഴാണ് ബൈക്കിലെത്തി ഇവര്‍ ബസ് തടഞ്ഞുനിര്‍ത്തി അകത്തുകയറി മര്‍ദിച്ചത്.

Back to top button
error: