എറണാകുളം: വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 2 ദിവസത്തെ ആര്‍ത്തവ അവധി അനുവദിക്കണമെന്ന് ആവശ്യം. കേരള പൊലീസ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ 38ാമത് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് സര്‍ക്കാരിനും പൊലീസ് അധികൃതര്‍ക്കും സമര്‍പ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് മൂവാറ്റുപുഴയിലാണ് സമ്മേളനം.
ക്രമരഹിതമായ ഡ്യൂട്ടി മൂലം ദൈനംദിന സ്റ്റേഷന്‍ ഡ്യൂട്ടികളും കേസന്വേഷണവും സമയബന്ധിതമായി തീര്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ അനുവദനീയമായ ഡ്യൂട്ടി ഓഫ് നിര്‍ബന്ധിതമായി നല്‍കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു.
പുതിയ നിയമസംഹിതകള്‍ നിലവില്‍വന്ന സാഹചര്യത്തില്‍ കേസുകള്‍ അപ്പപ്പോള്‍ തന്നെ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യണം. ഇലക്ട്രോണിക് മാധ്യമം തെളിവായി എടുക്കുന്നതും നിയമപരമാവുകയാണ്. ഈ സാഹചര്യത്തില്‍ മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ് ചെയ്യുന്നതിന് കുറഞ്ഞത് 250 രൂപയെങ്കിലും പ്രത്യേക അലവന്‍സായി അനുവദിക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു.
എറണാകുളം റൂറല്‍ പൊലീസ് ജില്ലയിലാണ് നെടുമ്പാശേരി വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വിഐപി ഡ്യൂട്ടിയുമായി ബന്ധപ്പെട്ടുള്ള ശാരീരിക, സാമ്പത്തിക പ്രയാസങ്ങള്‍ കണക്കിലെടുത്ത് വിഐപി ഡ്യൂട്ടികള്‍ക്ക് വേണ്ടി കേരള ആംഡ് പൊലീസിന്റെ 2 പ്ലാറ്റൂണ്‍ എങ്കിലും ആലുവ സബ് ഡിവിഷനോട് അറ്റാച്ച് ചെയ്യണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
വിഐപികള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഒപ്പം സുരക്ഷാ സംവിധാനങ്ങളുള്ള 5 പുതിയ വാഹനങ്ങളും ഡ്രൈവര്‍മാരേയും വിഐപി ഡ്യൂട്ടിക്ക് മാത്രമായി അനുവദിക്കണം. വിഐപി ഡ്യൂട്ടികള്‍ക്കായി കിലോമീറ്ററുകളോളം സഞ്ചരിച്ച് ഡ്യൂട്ടി ചെയ്യേണ്ട സ്ഥലത്ത് എത്തേണ്ട സാഹചര്യമുള്ളതിനാല്‍ സ്‌പെഷല്‍ ഡ്യൂട്ടി അലവന്‍സ് 50% വര്‍ധിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.