CrimeNEWS

ലോറിയില്‍ നാരങ്ങ കൊണ്ടുപോയ യുവാക്കള്‍ക്കും മര്‍ദനം; പശുക്കടത്ത് ആരോപിച്ച് ഗോ സംരക്ഷകരുടെ ക്രൂരമര്‍ദനം

ജയ്പുര്‍: രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവറെയും ജീവനക്കാരനെയും ഗോ സംരക്ഷകര്‍ അതിക്രൂരമായി മര്‍ദിച്ചു. ചുരു ജില്ലയിലെ സദല്‍പുരില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഹരിയാന ഫത്തേഹ്ബാദ് സ്വദേശികളായ സോനു ബന്‍ഷിറാം (29), സുന്ദര്‍ സിങ് (35) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

ജയ്പുരില്‍നിന്ന് പഞ്ചാബിലെ ബാത്തിന്‍ഡയിലേക്ക് ലോറിയില്‍ നാരങ്ങ കൊണ്ടുപോവുകയായിരുന്നു ഇരുവരും. ഇതിനിടയില്‍ ഒരു സംഘമാളുകള്‍ ബൈക്കിലും ജീപ്പിലും പിന്തുടരാന്‍ തുടങ്ങി. ലോറി ലസേരി ഗ്രാമത്തിലെ ടോള്‍ ബൂത്തിന് സമീപമെത്തിയപ്പോള്‍ ആളുകള്‍ വടി കൊണ്ട് വാഹനത്തെ അടിക്കാന്‍ തുടങ്ങി.

Signature-ad

തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇവരെ പുറത്തിറക്കി മര്‍ദിക്കുകയായിരുന്നു. പശുക്കടത്തല്ലെന്ന് ഇരുവരും പറഞ്ഞെങ്കിലും ആരും ചെവികൊണ്ടില്ല. ഇവരുടെ മൊബൈല്‍ ഫോണുകളും സംഘം തട്ടിയെടുത്തിട്ടുണ്ട്.

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രണ്ടുപേരെയും നിലത്തിട്ട് അടിക്കുന്നത് വീഡിയോയില്‍ കാണാം. കൂടാതെ മുഖത്ത് ചെരിപ്പുകൊണ്ട് അടിക്കുകയും തലയില്‍ ചവിട്ടുകയും ചെയ്തിട്ടുണ്ട്.

ഗുരുതര പരിക്കേറ്റ ഇരുവരെയും പൊലീസെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഏഴുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. വധശ്രമത്തിനാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

രാജ്യത്ത് ഗോ സംരക്ഷകരുടെ ആക്രമണം ദിനംപ്രതി വര്‍ധിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് ആക്രമണത്തില്‍ മരണപ്പെട്ടത്. കഴിഞ്ഞമാസം ഛത്തീസ്ഗഡില്‍ പോത്തുകളെ കൊണ്ടുപോകുന്നതിനിടെ മൂന്നുപേരെ ജനക്കൂട്ടം ആക്രമിച്ച് കൊന്നിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: