CrimeTRENDING

ബസില്‍ വിദ്യാര്‍ഥിനികളോട് മോശംപെരുമാറ്റം; ‘സ്ഥിരം കുഴപ്പക്കാരനായ’ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

മലപ്പുറം: ബസില്‍നിന്ന് വിദ്യാര്‍ഥിനികളോട് മോശമായരീതിയില്‍ പെരുമാറിയെന്ന പരാതിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കൊല്ലം പുഴമ്പള്ളി സജില മന്‍സിലില്‍ ഷിഹാനെ(42)യാണ് പൂക്കോട്ടുംപാടം പോലീസ് ഇന്‍സ്പെക്ടര്‍ എ. അനീഷ് അറസ്റ്റുചെയ്തത്.

വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍വിട്ട് വീട്ടിലേക്ക് പൂക്കോട്ടുംപാടത്തുനിന്ന് തേള്‍പാറ ബസില്‍ പോകുന്നതിനിടയില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഇതേ ബസില്‍ ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ഷിഹാന്‍ കുട്ടികളുടെ ഇടയില്‍ കയറിനിന്ന് മോശമായ രീതിയില്‍ പെരുമാറിയെന്നാണ് പരാതി. കുട്ടികള്‍ ഉടനെ പ്രതികരിക്കുകയും പരാതിപ്പെടുകയും ചെയ്തതോടെ നാട്ടുകാര്‍ ഇടപെട്ടു. തിങ്കളാഴ്ച അഞ്ചുമണിയോടെ ഉദ്യോഗസ്ഥനെതിരേ നടപടിയാവശ്യപ്പെട്ട് ഇയാള്‍ ജോലിചെയ്യുന്ന ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനു മുന്‍പില്‍ നാട്ടുകാര്‍ തടിച്ചുകൂടി.

Signature-ad

നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ. ധനിക് ലാല്‍, നിലമ്പൂര്‍ ഡിവൈ.എസ്.പി. ടി.എം വര്‍ഗീസ്, പൂക്കോട്ടുംപാടം പോലീസ് ഇന്‍സ്പെക്ടര്‍ എ. അനീഷ് എന്നിവര്‍ സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. വൈകിട്ടുതന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു കുട്ടികളുടെ പരാതിയും മൊഴിയും രേഖപ്പെടുത്തി. പോക്സോ അടക്കം മൂന്നു കേസുകളാണ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. വനം വകുപ്പില്‍ 18 വര്‍ഷത്തോളമായി ജോലിചെയ്യുന്ന ഷിഹാനെതിരേ മുന്‍പും സമാന പരാതികളും രണ്ടു കേസുകളുമുണ്ട്.

ചൊവ്വാഴ്ച വൈകിട്ടോടെ ഇയാളെ നിലമ്പൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. നിരവധി ആരോപണങ്ങളും സസ്പെന്‍ഷനും നേരിട്ട സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഷിഹാനെതിരേ വകുപ്പുതല നടപടിക്കായി നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ. ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: