KeralaTRENDING

എം.വിന്‍സന്റ് എംഎല്‍എയെ കയ്യേറ്റം ചെയ്ത് എസ്എഫ്‌ഐ; പൊലീസുകാരനും പരുക്ക്

തിരുവനന്തപുരം: കാര്യവട്ടം ക്യാംപസില്‍ കെഎസ്യു നേതാവിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച കെഎസ്യു പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായെത്തിയ എം.വിന്‍സെന്റ് എംഎല്‍എയെ കയ്യേറ്റം ചെയ്ത് എസ്എഫ്‌ഐ. പൊലീസിനു മുന്നിലാണ് എംഎല്‍എയ്‌ക്കെതിരെ കയ്യേറ്റമുണ്ടായത്. അര്‍ധരാത്രി കെഎസ്യു നടത്തിയ പൊലീസ് സ്റ്റേഷന്‍ ഉപരോധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എസ്എഫ്‌ഐ കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ മണിക്കൂറുകളോളം കയ്യാങ്കളിയും വാക്കേറ്റവും നടന്നു.

കെഎസ്യു തിരുവന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സാഞ്ചോസിനെ കാര്യവട്ടം ക്യാംപസിലെ മുറിയിലിട്ട് എസ്എഫ്‌ഐ മര്‍ദിച്ചെന്നാണ് ആരോപണം. ഇതില്‍ കുറ്റക്കാരായ എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാത്രി പതിനൊന്നരയോടെയാണ് കെഎസ്യു പ്രവര്‍ത്തകര്‍ ശ്രീകാര്യം സ്റ്റേഷന്‍ ഉപരോധിക്കാനെത്തിയത്. ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സ്റ്റേഷന്റെ വാതില്‍ക്കലായിരുന്നു ഉപരോധം.

Signature-ad

കെഎസ്യുവിന്റേത് തട്ടിപ്പ് സമരം എന്നാരോപിച്ചാണ് എസ്എഫ്ഐ പ്രവര്‍ത്തകരും സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയത്. ഇതോടെ ഇരുപക്ഷവും സ്റ്റേഷനു മുന്നില്‍ പോര്‍വിളി തുടങ്ങി. ഇതിനിടെയാണ് ജില്ലയിലെ ഏക കോണ്‍ഗ്രസ് എംഎല്‍എയായ എം.വിന്‍സെന്റും കോണ്‍ഗ്രസിന്റെ ജില്ലാ ഭാരവാഹിയായ ചെമ്പഴന്തി അനിലും സ്ഥലത്തെത്തുന്നത്. കാറില്‍ നിന്നിറങ്ങിയ വിന്‍സന്റിനെ പൊലീസിനു മുന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതോടെ സ്ഥിതി വഷളായി.

ഇതിനിടെ കല്ലേറില്‍ പരുക്കേറ്റ ഒരു പൊലീസുകാരനെ ആശുപത്രിയിലേക്കു മാറ്റി. വിദ്യാര്‍ഥി സംഘര്‍ഷം കൈവിട്ടു പോകുമെന്ന് കണ്ടതോടെ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറും ക്രൈം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണറും സ്ഥലത്തെത്തി. സാഞ്ചോസിനെയും എംഎല്‍എയെയും മര്‍ദിച്ചവര്‍ക്കെതിരെ കേസെടുക്കാമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് രാത്രി രണ്ടു മണി കഴിഞ്ഞ് കെഎസ്യു സമരം അവസാനിപ്പിച്ചത്.

Back to top button
error: