NEWSSocial Media

സോഷ്യല്‍ മീഡിയില്‍ ആക്രമണം േനരിട്ടപ്പോള്‍ അമ്മയില്‍നിന്ന് ആരും പിന്തുണച്ചില്ല, ജനറല്‍ സെക്രട്ടറിക്ക് പ്രതിഫലം നല്‍കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ജഗതി; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും നന്ദികേടുകള്‍ ചൂണ്ടിക്കാട്ടിയും ഇടവേള ബാബുവിന്റെ വിടവാങ്ങല്‍ പ്രസംഗം

നീണ്ട ഇരുപത്തിയഞ്ച് വര്‍ഷം അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ഇടവേള ബാബു പദവിയൊഴിയുന്നതിനു മുന്നോടിയായി അംഗങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചപ്പോള്‍ പങ്ക് വച്ച വാക്കുകളാണ് വാര്‍ത്തകളില്‍ നിറയുന്നത്. സമൂഹമാദ്ധ്യമങ്ങളില്‍ തന്നെ ചിലര്‍ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ അമ്മയിലെ ഒരാള്‍ പോലും പിന്തുണച്ചില്ലെന്ന് ഇടവേള ബാബു പറഞ്ഞു.

ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇരുന്നത് എല്ലാവര്‍ക്കും വേണ്ടിയാണ്, സ്വന്തം സന്തോഷത്തിനായിരുന്നില്ല. സമൂഹ മാദ്ധ്യമങ്ങളില്‍ തനിക്ക് നേരെ വലിയ ആക്രമണം നടന്നു. അന്ന് ഒപ്പമുണ്ടായിരുന്നവര്‍ നിശബ്ദരായി നിന്നു. ആരില്‍ നിന്നും സഹായം കിട്ടിയില്ല. ഈ പദവിയിലിരിക്കുന്ന ആള്‍ക്ക് വേണ്ടി മറ്റുള്ളവരായിരുന്നു സംസാരിക്കേണ്ടിയിരുന്നത്. പുതിയ ഭരണസമിതിക്ക് ഇത്തരം ദുരനുഭവം ഉണ്ടാകരുത്.

Signature-ad

ഭാരവാഹി തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ താന്‍ പെയ്ഡ് സെക്രട്ടറിയാണെന്ന് പ്രചാരണം ഉണ്ടായിയെന്നും ഇടവേള ബാബു ചൂണ്ടിക്കാണിച്ചു, എന്നാല്‍, സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഇന്നസെന്റും അടക്കം നേതൃത്വത്തിലുണ്ടായിരുന്നവര്‍ വലിയ പിന്തുണയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ജഗതി ശ്രീകുമാറാണ് ജനറല്‍ സെക്രട്ടറിക്ക് പ്രതിഫലം നല്‍കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്. അതു കഴിഞ്ഞ് 9 വര്‍ഷങ്ങള്‍ക്കു ശേഷമാണ് 30,000 രൂപ വീതം അലവന്‍സ് നല്‍കാന്‍ തുടങ്ങിയത്. കഴിഞ്ഞ ഭരണസമിതി അത് 50,000 രൂപയായി ഉയര്‍ത്തി. അതില്‍ 20,000 രൂപ ഡ്രൈവര്‍ക്കും 20,000 രൂപ ഫ്ളാറ്റിനുമാണ് നല്‍കുന്നത്. ബാക്കി പതിനായിരം രൂപ മാത്രമാണ് സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.

കഴിഞ്ഞ തവണ ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ സംഘടനയ്ക്ക് 36 ലക്ഷം രൂപയും ഇത്തവണ ഒരു കോടി രൂപയും നീക്കിയിരുപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ആറര കോടി രൂപ കൂടി സംഘടനയ്ക്കായി ബാക്കിവച്ചിട്ടാണ് ഞാന്‍ പടിയിറങ്ങുന്നത്. ഞാന്‍ പദവിയിലിരുന്നപ്പോള്‍ ഒരു ദിവസം പോലും മലയാള സിനിമയുടെ ഷൂട്ടിംഗ് മുടങ്ങിയിട്ടില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: