കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപു കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പാറശാലയിലും നെയ്യാറ്റിന്‍കരയിലും സര്‍ജിക്കല്‍ ഉപകരണങ്ങളുടെ കട നടത്തുന്ന സുനിലിൻ്റെ സുഹൃത്ത് പ്രേമചന്ദ്രനാണ് പിടിയിലായത്. അമ്പിളിക്ക് കൊല നടത്താനുള്ള സര്‍ജിക്കൽ ബ്ലേഡും ഗ്ലൗസും നൽകിയത് പാറശാല സ്വദേശി സുനിലാണ്. ഇയാളാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് നിഗമനം. സുനിലും പ്രേമചന്ദ്രനും ചേർന്നാണ് ഗുണ്ടാ നേതാവ് ചുഴാറ്റുകോട്ട സ്വദേശി അമ്പിളിയെ കളിയിക്കാവിളയിൽ കൊണ്ടുവിട്ടത്. ഇവരുടെ നിർദേശ പ്രകാരമാണത്രേ കൊലപാതകം നടന്നത്.
കുറ്റം സമ്മതിച്ച അമ്പിളിയുടെ മൊഴികളിലെ വൈരുധ്യം പൊലീസിനെ വല്ലാതെ കുഴപ്പിക്കുന്നുണ്ട്. ചോദ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയ മട്ടിലാണ് ഇയാൾ ഉത്തരം നൽകുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കൊലപാതകം കഴിഞ്ഞ് ഏതാനും മണിക്കൂറിനുള്ളിൽ തന്നെ താൻ പിടിക്കപ്പെടണമെന്നും അമ്പിളിക്ക് ഉറപ്പായിരുന്നു. രണ്ടു കൊലക്കേസുകളില്‍ ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് അമ്പിളി.
നാഗര്‍കോവില്‍- തിരുവനന്തപുരം ദേശീയപാതയില്‍ കളിയിക്കാവിള ഒറ്റാമരം പെട്രോള്‍ പമ്പിനു സമീപം തിങ്കളാഴ്ച രാത്രി രാത്രി 11.45നാണ് ദീപുവിനെ ഡ്രൈവിങ് സീറ്റിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മണ്ണുമാന്തി യന്ത്രം വാങ്ങാന്‍ 10 ലക്ഷം രൂപയുമായാണ് ദീപു വീട്ടില്‍നിന്നു പോയത്. പെട്രോള്‍ ബങ്കിനു എതിര്‍വശം ചെറുവാരക്കോണം സഹകരണ ബാങ്കിലെ സിസിടിവിയില്‍ കൊല നടത്തിയെന്ന് സംശയിക്കുന്ന പ്രതി കാറില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യം പതിഞ്ഞതാണ് നിർണായകമായത്.
ദീപുവിന്റെ മൊബൈലിലേക്ക് എത്തിയ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച സര്‍ജിക്കല്‍ ബ്ലേഡും ഏഴു ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. ക്ലോറോഫോം മണപ്പിച്ച ശേഷമാണ് ദീപുവിന്റെ കഴുത്തറുത്തതെന്നും പറയുന്നു.
കാറില്‍ അമ്പിളിക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു എന്നും പൊലീസ് സംശയിക്കുന്നു. കൂടുതല്‍ പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതിനാലാണ് പ്രതി അമ്പിളി അടിക്കടി മൊഴിമാറ്റുന്നതെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. കരൾ രോഗവും മറ്റ് ആരോഗ്യപ്രശ്നങ്ങളം നേരിടുന്ന അമ്പിളി ഒറ്റയ്ക്ക് കൊല നടത്തിയോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. അമ്പിളിക്ക് കാർ ഓടിക്കാൻ അറിയില്ലെന്ന് പൊലീസ് പറയുന്നു. കാറിന്റെ ബോണറ്റ് ഉയർത്തി ഇൻഡിക്കേറ്ററുകളെല്ലാം ഓണാക്കിയ നിലയിലായിരുന്നു. വാഹനം ഓടിക്കാനറിയാത്ത അമ്പിളിക്ക് ഇതൊക്കെ ഒറ്റയ്ക്കു ചെയ്യാനാകുമോയെന്ന് പൊലീസിനു സംശയമുണ്ട്. അമ്പിളിക്ക് സ്വന്തമായി ഫോണില്ല. കാറില്‍ നിന്നും കാണാതായ 10 ലക്ഷം രൂപയില്‍ അവശേഷിക്കുന്ന മൂന്നു ലക്ഷം എവിടെയാണെന്നത് സംബന്ധിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.
സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന ദീപു വീടിന്റെ ഒരു ഭാഗത്ത് താമസിച്ചശേഷം മറ്റു ഭാഗങ്ങൾ സീരിയൽ ഷൂട്ടിങിന് വാടകയ്ക്ക് കൊടുത്തിരുന്നു.