KeralaNEWS

കാസര്‍കോട്ട് ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ചവര്‍ ‘സുരക്ഷിതമായി’ തോട്ടില്‍; കുറ്റിച്ചെടിയില്‍ പിടിച്ച് രക്ഷപെട്ട് യാത്രികര്‍

കാസര്‍കോട്: ഗൂഗിള്‍ മാപ്പ് നോക്കി റോഡാണെന്ന ധാരണയില്‍ കാറോടിച്ചത് തോട്ടിലൂടെ. മഴവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയി. കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശികളായ 2 പേരെ അഗ്‌നിരക്ഷാ സേനയും പൊലീസും ചേര്‍ന്നു രക്ഷപ്പെടുത്തി. പാണ്ടി വനത്തിനു മധ്യേ ഇന്നു പുലര്‍ച്ചെ 5.15ന് പള്ളഞ്ചി പാലത്തിലാണ് സംഭവം.

അമ്പലത്തറ മുനമ്പം ഹൗസില്‍ എം.അബ്ദുല്‍ റഷീദ് (35), ബന്ധുവായ ഏഴാം മൈല്‍ അഞ്ചില്ലത്ത് ഹൗസില്‍ എ. തഷ്രിഫ് (36) എന്നിവരാണ് അപകടത്തില്‍ പെട്ടത്. ബേത്തൂര്‍പ്പാറ – പാണ്ടി റോഡിലാണ് പള്ളഞ്ചി ചാലിലെ പാലം. കര്‍ണാടക ഉപ്പിനങ്ങടിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ഇരുവരും. ഗൂഗിള്‍ മാപ്പ് നോക്കിയാണ് ഇവര്‍ യാത്ര ചെയ്തത്. റാഷിദ് ആണ് കാര്‍ ഓടിച്ചിരുന്നത്.

Signature-ad

പുലര്‍ച്ചെ ഇരുട്ട് ആയതിനാല്‍ ഇവിടെ ചാലും പാലവും ഉള്ളതായി ഇവര്‍ തിരിച്ചറിഞ്ഞില്ല. റോഡിലൂടെ വെള്ളം ഒഴുകുന്നതായി കരുതി കാര്‍ ഇറക്കിയപ്പോള്‍ ചാലിലേക്ക് പതിക്കുകയായിരുന്നു. കാര്‍ 150 മീറ്ററോളം ഒഴുകിപ്പോയ ശേഷം പുഴവഞ്ചിയില്‍ തട്ടി നിന്നതാണ് ഇരുവര്‍ക്കും രക്ഷയായത്. ആ സമയത്ത് കാറിന്റെ ഗ്ലാസ് താഴ്ത്തി രണ്ടു പേരും പുറത്തു കടക്കുകയും ചാലിന്റെ നടുവിലുളള കുറ്റിച്ചെടികളില്‍ പിടിച്ച് നില്‍ക്കുകയുമായിരുന്നു.

കയ്യിലുണ്ടായിരുന്ന ഫോണ്‍ എടുത്ത് ബന്ധുക്കളെ വിവരം അറിയിക്കുകയും ലൊക്കേഷന്‍ അയച്ചു നല്‍കുകയും ചെയ്തു. അവര്‍ അതു പൊലീസിനും കുറ്റിക്കോല്‍ അഗ്‌നി രക്ഷാ സേനയ്ക്കും കൈമാറുകയും ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷം രക്ഷപ്പെടുത്തുകയും ചെയ്തു. അര കിലോ മീറ്ററോളം അകലെയാണ് കാര്‍ കണ്ടെത്തിയത്.

ഉയരം കുറഞ്ഞ കൈവരികളില്ലാത്ത ഈ പാലം മഴക്കാലത്ത് കവിഞ്ഞൊഴുകുന്നത് പതിവാണ്. ഇതിന്റെ 500 മീറ്റര്‍ മാറി 4 വര്‍ഷം മുന്‍പ് ഉയരം കൂടിയ പുതിയ പാലം നിര്‍മിച്ചിരുന്നു. പക്ഷെ ഗൂഗിള്‍ മാപ്പില്‍ പഴയ പാലം തന്നെയാണ് കാണിക്കുന്നത്. ഇതാണ് രണ്ടുപേരെയും അപകടത്തില്‍ ചാടിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: